ഇന്ന് ലോകത്തിലെ വലിയ ആരോഗ്യപ്രശ്നങ്ങളിലൊന്നായി കരൾ രോഗം മാറിക്കൊണ്ടിരിക്കുന്നു. നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ലോകജനസംഖ്യയിൽ 30.2 ശതമാനം പേരെയാണ് ബാധിച്ചിട്ടുള്ളത്. ചടഞ്ഞുകൂടിയുള്ള ജീവിതശൈലി, കാലറി കൂടിയ ഭക്ഷണം, പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം ഇവയെല്ലാം കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ കാരണമാകും. ചികിത്സിച്ചില്ലെങ്കിൽ ഇത് ഇൻഫ്ലമേഷനിലേക്കും ഫൈബ്രോസിസിലേക്കും സീറോസിസിലേക്കും നയിക്കും. രോഗം മൂർച്ഛിക്കുന്നതു വരെ ലക്ഷണങ്ങൾ ഒന്നും പ്രകടമാകില്ല എന്നതാണ് ഭയപ്പെടുത്തുന്ന വസ്തുത. എന്നാൽ പ്രതീക്ഷയ്ക്കു വകയുണ്ടെന്നാണ് അടുത്തിടെ നടന്ന പഠനങ്ങൾ തെളിയിക്കുന്നത്.ശരീരഭാരം കുറയ്ക്കാതെ തന്നെ വ്യായാമം മാത്രം ചെയ്തുകൊണ്ട് കരളിലെ കൊഴുപ്പ് കുറയ്ക്കാനാകുമെന്നും ഭക്ഷണത്തിൽ ശ്രദ്ധിക്കുക കൂടി ചെയ്താൽ കരൾരോഗം റിവേഴ്സ് ചെയ്യാന്‍ സാധിക്കുമെന്നും പഠനം പറയുന്നു.
പതിവായുള്ള ശാരീരിക പ്രവർത്തനങ്ങളിലൂടെ കരളിലെ കൊഴുപ്പ് കുറയ്ക്കാനും കരളിലെ സൂചകങ്ങൾ മെച്ചപ്പെടുത്താനും രോഗം കൂടുന്നത് തടയാനും സാധിക്കുമെന്ന് റിവ്യൂകളും ക്ലിനിക്കൽ ട്രയലുകളും സൂചിപ്പിക്കുന്നു. കരളിന്റെ ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താൻ വ്യായാമം കൊണ്ട് കഴിയും എന്നും പഠനം പറയുന്നു. എന്താണ് ഫാറ്റിലിവർ എന്നും അത് എന്തുകൊണ്ട് അപകടകരമാണെന്നും ഇത് റിവേഴ്സ് ചെയ്യാൻ സഹായിക്കുന്ന വ്യായാമങ്ങൾ ഏതൊക്കെ എന്നും അറിയാം. ഫാറ്റിലിവർ ചികിത്സയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വ്യായാമം. വ്യായാമം കരളിലെ കൊഴുപ്പ് കുറയ്ക്കുക മാത്രമല്ല, എയ്റോബിക് ഫിറ്റ്നെസ്, രക്തസമ്മർദം, കൊളസ്ട്രോൾ പോലുള്ള രക്തത്തിലെ കൊഴുപ്പുകൾ, ശാരീരികമായ ശക്തി ഇവയെല്ലാം മെച്ചപ്പെടുത്താനും സഹായിക്കും.
മണിക്കൂറിൽ 3 മുതൽ 4.5 മൈൽ വേഗതയിൽ മിതമായതു മുതൽ കഠിനമായതു വരെയുള്ള എയ്റോബിക് വ്യായാമങ്ങൾ ചെയ്യുന്നത് നല്ലതാണ്. ബ്രിസ്ക്ക് വോക്കിങ്ങ് അഥവാ വേഗത്തിലുള്ള നടത്തം കരളിലെ കൊഴുപ്പ് കുറയ്ക്കാനും നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് ഉള്ളവരിൽ കരളിലെ എൻസൈമിന്റെ അളവു മെച്ചപ്പെടുത്താനും സഹായിക്കും. ആഴ്ചയിൽ അഞ്ച് ദിവസം 30 മുതൽ 45 മിനിട്ട് വരെ വേഗത്തിലുള്ള നടത്തം ശീലിക്കാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










