കോഴിക്കോട്: പാർട്ട് ടൈം ജോലി വാഗ്ദാനംചെയ്ത് വ്യാജ വെബ് പോർട്ടലിൽ രജിസ്റ്റർചെയ്യിപ്പിച്ച് വനിതാഡോക്ടറിൽനിന്ന് 32 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് മുട്ടാഞ്ചേരി മണ്ണാറത്ത് അബ്ദുൾ ഫത്താഹി(21)നെയാണ് സിറ്റി സൈബർ ൈക്രം സ്റ്റേഷൻ ഇൻസ്പെക്ടർ പിടികൂടിയത്. ടെലഗ്രാം ആപ്പുവഴിയാണ് തട്ടിപ്പുനടത്തുന്നത്. ടെലഗ്രാംവഴി എല്ലാദിവസവും ടാസ്ക് നൽകും അതിനൊപ്പം രണ്ടിരട്ടിവരെ തുക വാഗ്ദാനംചെയ്ത് പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കും. ടാസ്കുകൾ പൂർത്തിയാക്കിയതിനുശേഷം വാഗ്ദാനംചെയ്ത തുകയോ നിക്ഷേപിച്ചതുകയോ തിരിച്ചുലഭിക്കാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് ഡോക്ടർക്ക് മനസ്സിലായത്.
അറസ്റ്റിലായ ഫത്താഹ് ഹവാലാ ഇടപാടുസംഘവുമായും ഓൺലൈൻ തട്ടിപ്പുസംഘവുമായും ബന്ധമുള്ളയാളാണ്. തട്ടിപ്പുവഴി നേടിയ പണം രാജ്യത്തിന്റെ വിവിധഭാഗത്തുള്ള ബാങ്ക് അക്കൗണ്ടുകളിലേക്കാണ് കൈമാറിയത്. അതിൽ പന്ത്രണ്ടരലക്ഷത്തോളം രൂപ കുന്ദമംഗലത്തെ സ്വകാര്യബാങ്കിൽനിന്ന് ചെക്ക്വഴി പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മ്യൂൾ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് തട്ടിപ്പുകൾനടത്തിയത്.
സൈബർത്തട്ടിപ്പുകളിലൂടെ എത്തുന്ന പണം തട്ടിപ്പുകാർക്ക് സഹായകരമായരീതിയിൽ ചെക്ക്വഴിയും എടിഎം കാർഡ് ഉപയോഗിച്ചും പിൻവലിപ്പിച്ചുകൊടുക്കുന്നയാളാണ് ഫത്താഹ്. കോളേജ് വിദ്യാർഥികളെക്കൊണ്ട് ബാങ്ക് അക്കൗണ്ട് എടുപ്പിച്ചശേഷം അവരുടെ എടിഎം കാർഡുകളാണ് പണം പിൻവലിക്കാനായി ഉപയോഗിക്കുന്നത്. ഇങ്ങനെ മണ്ണാർക്കാടുള്ള കോളേജ് വിദ്യാർഥികളുടെ എടിഎം കാർഡുകൾ ഇയാൾ കൂട്ടത്തോടെ വാങ്ങിയതായി സമ്മതിച്ചിട്ടുണ്ട്.പ്രതിയെ കോഴിക്കോട് സിജെഎം കോടതിമുൻപാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡുചെയ്തു.
ഒരു ടെലഗ്രാം അക്കൗണ്ടിൽനിന്ന് പാർട്ട് ടൈം ജോലിയുമായി ബന്ധപ്പെട്ട സന്ദേശത്തിന് അനുകൂലമായി പ്രതികരിച്ചാണ് ഡോക്ടറായ പരാതിക്കാരി തട്ടിപ്പിലകപ്പെടുന്നത്. ധാരാളംപേർ അംഗങ്ങളായ ഗ്രൂപ്പിൽ പലരും പണംനിക്ഷേപിച്ചതിന്റെ സ്ക്രീൻഷോട്ടുകൾകണ്ട് വിശ്വസിച്ച് ഇവരും പണമിടുകയായിരുന്നു.ടാസ്കുകൾ പൂർത്തിയാക്കി, പണം തിരികെലഭിക്കാൻവേണ്ടി ശ്രമിച്ചപ്പോൾ നിക്ഷേപിച്ച 32 ലക്ഷത്തോളം രൂപയുടെ 30 ശതമാനംകൂടി വെരിഫിക്കേഷൻ ഫീസ് അടയ്ക്കണം എന്ന് ആവശ്യപ്പെട്ടതോടെയാണ് ഇത് ടെലിഗ്രാം ഗ്രൂപ്പിലെ അംഗങ്ങളടക്കം ചേർന്നുള്ള തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










