മാവൂർ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി കഴിഞ്ഞ മൂന്ന് വർഷമായി പ്രവർത്തിക്കുന്ന അരയങ്കോട് ദയ സാംസ്കാരിക വേദിയുടെ മൂന്നാം വാർഷിക ആഘോഷം ഒരു വർഷം നീളുന്ന വിവിധ പരിപാടികളോടെ നടക്കും. ഫെബ്രുവരി 18 ന് ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് കൈത്തൂട്ടിമുക്കിൽ വെച്ച് അഡ്വ. പി ടി എ റഹീം എം എൽ എ ഉൽഘാടനം നിർവഹിക്കും. മാവൂർ ഇൻസ്പെക്ടർ ഓഫ് പൊലീസ് പി ദാമോദരൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ മാവൂർ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചയത്ത് ഭരണസമിതി പ്രതിനിധികൾ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ സംബന്ധിക്കും. ഉൽഘാടന ചടങ്ങിനോടനുബന്ധിച്ച് പ്രശസ്ത ഗായകരായ ഫാസിലബാനു, എം എ ഗഫൂർ എന്നിവർ നയിക്കുന്ന ഗാനമേളയും ഉണ്ടാവുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കൽ, പാലിയേറ്റീവ് ഉപകരണങ്ങളുടെ വിതരണം, സർക്കാർ തലത്തിലുള്ള വിവിധ സഹായ പദ്ധതികളെ പറ്റിയുള്ള ‘കൈത്താങ്ങ്’ കൈപുസ്തക വിതരണം, മെഗാ മെഡിക്കൽ ക്യാമ്പ്, മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവർക്കായുള്ള ഉല്ലാസ യാത്ര തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് മൂന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്.
ദയ സാംസ്കാരിക സംഘടന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഏറെ സഹായങ്ങൾ നൽകിയിട്ടുണ്ട്. സ്വന്തമായി വീട് വയ്ക്കാൻ സ്ഥലമില്ലാത്ത മൂന്ന് നിർധന കുടുംബങ്ങൾക്ക് ഇതിനകം വീട് വെക്കാനായി സംഘടന നാല് സെന്റ് ഭൂമിവീതം നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ രക്ഷാധികാരികളായ ഗഫൂർ ഓളിക്കൽ, മോയിൻ ഓളിക്കൽ, പ്രസിഡന്റ് ലത്തീഫ് കുറ്റിക്കുളം, സെക്രട്ടറി ഹസ്സൻ മുനീർ, സിറാജുൽ മുനീർ തുടങ്ങിയവർ സംബന്ധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.