ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിൽ വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പതിനാറുകാരിയെ കത്തി കൊണ്ട് കുത്തി, മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് നാൽപത്തിയേഴുകാരൻ. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി ഓംകാർ തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ശനിയാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ പ്രതി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കുടുംബാംഗങ്ങളെ അസഭ്യം പറയുകയും പെൺകുട്ടിയുടെ കഴുത്തിൽ കത്തി കൊണ്ട് കുത്തുകയും ചെയ്തു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയെ പിന്തുടർന്ന്, റോഡിലൂടെ വലിച്ചിഴച്ചു. പെൺകുട്ടി റോഡിൽ തളർന്ന് വീഴുന്നത് വരെ ഇയാൾ വലിച്ചിഴച്ചു. റായ്പൂരിലെ ഗുധിയാനി പ്രദേശത്ത് കട നടത്തുകയാണ് തിവാരി. പെൺകുട്ടി ഇയാളുടെ കടയിലെ ജീവനക്കാരിയായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. ഇയാൾ പെൺകുട്ടിയെ വിവാഹം കഴിക്കാൻ താത്പര്യപ്പെട്ടിരുന്നു. എന്നാൽ പെൺകുട്ടി ഇത് നിരസിക്കുകയും ജോലി ഉപേക്ഷിച്ച് പോരുകയും ചെയ്തിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.