ബെംഗളൂരു∙ കർണാടകയിലെ ചിത്രദുർഗയിൽ നാലു വർഷമായി പൂട്ടിക്കിടക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ അഞ്ച് അസ്ഥികൂടങ്ങൾ കണ്ടെത്തി. ഗവൺമെന്റ് എക്സിക്യുട്ടിവ് എൻജിനീയറായി വിരമിച്ച ജഗന്നാഥ് റെഡ്ഡിയും കുടുംബവുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. വീടിനു പുറത്ത് തലയോട്ടി കണ്ടു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇവിടെയെത്തി പരിശോധന നടത്തിയത്. നാട്ടുകാരുമായി അധികം ബന്ധം പുലർത്താത്ത കുടുംബമായിരുന്നതിനാൽ ആരും ഇവിടേക്കു വന്നിരുന്നില്ല.
അതെ സമയം റെഡ്ഡിയുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹാവശിഷ്ടങ്ങളാണ് ഇത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 2019 ജൂണിനുശേഷം ഇവരെ കണ്ടിട്ടില്ലെന്ന് അയൽക്കാർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ആത്മഹത്യയെക്കുറിച്ചു സൂചന നൽകുന്ന ഒരു കുറിപ്പ് പൊലീസ് ഇവിടെ കണ്ടെത്തി. കന്നഡയിൽ തയാറാക്കിയിരിക്കുന്ന കുറിപ്പിൽ തീയതിയോ ഒപ്പോ ഇല്ലെന്നാണ് വിവരം.
ജഗന്നാഥ് റെഡ്ഡിക്കു (85) പുറമേ ഭാര്യ പ്രേമാവതി (80), മക്കളായ ത്രിവേണി (62), കൃഷ്ണ റെഡ്ഡി (60), നരേന്ദ്ര റെഡ്ഡി (57) എന്നിവരാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ഇവർക്ക് മഞ്ചുനാഥ് എന്ന പേരിൽ ഒരു മകൻ കൂടിയുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഇയാൾ 2014ൽ ഒരു അപകടത്തിൽ മരിച്ചു. അസ്ഥികൂടങ്ങളെല്ലാം കിടക്കുന്ന രീതിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇതിൽ രണ്ടെണ്ണം ബെഡിലും രണ്ടെണ്ണം തറയിലും ഒരെണ്ണം മറ്റൊരു മുറിയിലുമാണ് കിടുന്നിരുന്നത്. 2019 ജൂൺ മുതൽ ഈ വീട് പൂട്ടിക്കിടക്കുകയാണെന്നാണ് അയൽവാസികൾ പറയുന്നത്. അതിനുശേഷം റെഡ്ഡിയേയോ കുടുംബാംഗങ്ങളെയോ ആരും കണ്ടിട്ടില്ല.
കുടുംബത്തിലെ ആർക്കും നാട്ടുകാരുമായോ അയൽക്കാരുമായോ കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പൂട്ടിക്കിടക്കുന്ന വീട്ടിലേക്ക് ആരും പോയതുമില്ല. ഇവിടെനിന്ന് ഇടയ്ക്ക് ദുർഗന്ധം വമിച്ചിരുന്നെങ്കിലും വീടിന്റെ പരിസരത്ത് ഒരു പട്ടിയെ ചത്ത നിലയിൽ കണ്ടെത്തിയതിനാൽ കാര്യമായ സംശയം തോന്നിയില്ലെന്ന് നാട്ടുകാർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.