മുക്കം: കനത്ത മഴയെ തുടർന്ന് മലയോര മേഖലയിൽ ശക്തമായ വെള്ളക്കെട്ട് രൂപപ്പെടുകയും കടകളിലൂൾപ്പെടെ വെള്ളം കയറുകയും ചെയ്തു. കാസര്‍കോട് ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ ഇന്നലെ രാത്രി കനത്ത മഴയാണ് പെയ്തത്. കോഴിക്കോട് ജില്ലയിലെ പല ഭാഗത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കോഴിക്കോട് മുക്കത്ത് നാലു കടകളില്‍ വെള്ളംകയറി സാധനങ്ങള്‍ നശിച്ചു. ഈ പ്രദേശത്ത് ആദ്യമായാണ് കടകളില്‍ വെള്ളം കയറിയതെന്നും ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെന്നുമാണ് വ്യാപാരികള്‍ പറയുന്നത്. ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കടകളിൽ നിന്നും പമ്പ്‌സെറ്റ് ഉപയോഗിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടാണ് കടകളിലെ വെള്ളം ഒഴിവാക്കിയത്.
ഇന്നലെ വൈകീട്ടോടെ തുടങ്ങിയ മഴ ശക്തമായതോടെയാണ് മുക്കം അങ്ങാടി വെള്ളക്കെട്ടിലേക്ക് നീങ്ങിയത്. നിരവധി കടകളിലാണ് വെള്ളം കയറിയത്. റോഡ് നിർമ്മാണത്തിലെ ആശാസ്ത്രീയതയാണ് വെള്ളം കയറാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു.
ഓമശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, താമരശ്ശേരി, കട്ടിപ്പാറ, ചൂലൂർ എന്നീ പ്രദേശങ്ങളിലാകെ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടത് ഏറെ പ്രയാസം സൃഷ്ടിച്ചു. മലയോരത്തെ പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടു. വയനാട് റോഡിൽ പടനിലം, സൗത്ത് കൊടുവള്ളി എന്നിവിടങ്ങളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കനുഭവപ്പെട്ടു.
കാരശ്ശേരി പഞ്ചായത്തിലെ തേക്കും കുറ്റിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് വിവിധ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കാരശ്ശേരി തോട്ടക്കാട് ഭാഗത്ത് മണ്ണിടിച്ചിലും ഉണ്ടായി. തേക്കുംകുറ്റി നടുവലകണ്ടി സുനിൽകുമാറിന്റെ വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു.
നാരകത്തോടി സുനിലിന്റെ വീടിന്റെ മുറ്റം ഇടിഞ്ഞുവീണ് മേലേടത്ത് സാലുവിന്റെ വീടിന് ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചു.
കാസര്‍കോട് മരുതോം മലയോര ഹൈവേയ്ക്ക് സമീപം വനത്തില്‍ ഉരുള്‍പൊട്ടി. സംഭവത്തില്‍ ആളപായമില്ല. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.