മുക്കം: ഗുരുതരാവസ്ഥയിൽ രോഗിയുമായി ആശുപത്രിയിൽ പോകുന്ന ഓട്ടോറിക്ഷ മദ്യപിച്ചെത്തിയ രണ്ടുപേര്‍ തടഞ്ഞുനിര്‍ത്തിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രി വേനപ്പാറയില്‍ വച്ച് കാപ്പാട്ടുമല സ്വദേശിനിയെയും കൊണ്ട് ആശുപത്രിയില്‍ പോകുന്ന ഓട്ടോറിക്ഷയാണ് ബുള്ളറ്റ് ബൈക്കില്‍ എത്തിയ രണ്ട് പേര് തടഞ്ഞത്. ഇവര്‍ മദ്യപിച്ചിരുന്നതായും പരാതിയുണ്ട്. രോഗിക്ക് ഛര്‍ദ്ദിലും പനിയും അധികമായതോടെ കുടുംബ സുഹൃത്തുക്കളെയും കൂട്ടി കോടഞ്ചേരിയില്‍ നിന്നും വിളിച്ചുവരുത്തിയ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് പോകുംവഴിയാണ് സംഭവം. വേനപ്പാറ എത്തിയപ്പോള്‍ ഇവരുടെ പണം അടങ്ങുന്ന പഴ്സ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ നിര്‍ത്തി പഴ്സ് തിരിയുന്നതിനിടെയാണ് ബുള്ളറ്റില്‍ എത്തിയ രണ്ടുപേര്‍ ഇവരെ ചോദ്യം ചെയ്യുകയും തടഞ്ഞുനിര്‍ത്തുകയും ചെയ്തതെന്ന് കുടുംബ സുഹൃത്ത് പറഞ്ഞു. ഓട്ടോറിക്ഷ ഡ്രൈവറും വാഹനത്തിലുണ്ടായിരുന്നവരും അത്യാവശ്യമായി ആശുപത്രിയില്‍ പോകേണ്ട കാര്യം പറഞ്ഞെങ്കിലും ഇതൊന്നും ചെവിക്കൊള്ളാതെ മദ്യലഹരിയിലായിരുന്ന യുവാക്കള്‍ ഏറെ നേരം വാഹനം തടഞ്ഞു വെക്കുകയായിരുന്നു.
ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് കോടഞ്ചേരി പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. ഇതിന് ശേഷമാണ് രോഗിയുമായുള്ള ഓട്ടോറിക്ഷക്ക് പോകാന്‍ കഴിഞ്ഞത്. തുടര്‍ന്ന് ഇവര്‍ മുക്കം ഇഎംഎസ് ആശുപത്രിയിലെത്തി ചികിത്സ തേടിയതായി ഓട്ടോഡ്രൈവര്‍ പറഞ്ഞു. സ്ഥലത്തെത്തിയ കോടഞ്ചേരി പോലീസ് പ്രതികളുടെ ബൈക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം നടന്നത് മുക്കം പോലീസ് സ്റ്റേഷന് പരിധിയില്‍ ആയതുകൊണ്ട് മുക്ക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.