Screenshot 2026 10 30 21 23 58 57 96b26121e545231a3c569311a54cda96

കൊച്ചി: ആൻഡമാൻ കടലില്‍ രൂപപ്പെട്ട ന്യൂനമർദത്തിന്റെയും മറ്റ് കാലാവസ്ഥാ പ്രതിഭാസങ്ങളുടെയും സ്വാധീനത്തില്‍ കേരളത്തില്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത.മുന്നറിയിപ്പിന്റെ ഭാഗമായി നവംബർ ഒന്ന് മുതല്‍ മൂന്ന് വരെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തെക്കൻ ആൻഡമാൻ കടലിനും ആൻഡമാൻ നിക്കോബാർ ദ്വീപുകള്‍ക്കും മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങുമെന്നാണ് പ്രവചനം. ഒക്ടോബർ 31ഓടെ ഇത് തീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ച്‌ ആന്ധ്രാപ്രദേശ് തീരം ലക്ഷ്യമാക്കി നീങ്ങാൻ സാധ്യതയുണ്ട്.

മറ്റൊരു ന്യൂനമർദവും മഴയ്ക്ക് കാരണമാകും

വടക്കൻ ഛത്തീസ്ഗഢിനും കിഴക്കൻ മധ്യപ്രദേശിനും മുകളിലായി നിലനില്‍ക്കുന്ന മറ്റൊരു ന്യൂനമർദത്തിന്റെ സ്വാധീനത്തിലും കേരളത്തില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി നവംബർ ഒന്ന് മുതല്‍ മൂന്ന് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജില്ലകളിലെ യെല്ലോ അലർട്ട്

നവംബർ 1: പത്തനംതിട്ട, കോട്ടയം, ഇടുക്കിനവംബർ 2: ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്നവംബർ 3: കോഴിക്കോട്, വയനാട്, കണ്ണൂർ24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കാലാവസ്ഥ വകുപ്പ് ശക്തമായ മഴയായി നിർവചിക്കുന്നത്.

മലയോര മേഖലകളില്‍ ജാഗ്രത വേണം

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മലയോര മേഖലകളില്‍ പ്രത്യേക മുൻകരുതലുകള്‍ സ്വീകരിക്കണം. ഇടിമിന്നലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിലും മരങ്ങള്‍ക്കു താഴെയും നില്‍ക്കുന്നത് ഒഴിവാക്കണം. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണമെന്നും നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Share with