ഓക്‌ലൻഡ്: ന്യൂസിലൻഡിനെതിരായ നാലാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 87 റണ്‍സിന്റെ തോല്‍വി. ന്യൂസിലൻഡ് ഉയർത്തിയ 260 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
തോറ്റെങ്കിലും ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യ അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ 3-1ന് മുന്നിലാണ്. 35 റണ്‍സെടുത്ത തിലക് വർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ന്യൂസിലൻഡിനായി ജേക്കബ് ഡഫി 4 വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത കിവീസ് ഗ്ലെൻ ഫിലിപ്പ്സിന്റെ (107) സെഞ്ചുറിയുടെയും മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ (65) മിന്നല്‍ അർധസെഞ്ചുറിയുടെയും കരുത്തിലാണ് 7 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തത്. കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ പന്തില്‍ ബൗണ്ടറിയടിച്ച മലയാളി താരം സഞ്ജു സാംസണും മൂന്നാമനായെത്തിയ ഇഷാൻ കിഷനും ആദ്യ ഓവറില്‍ തന്നെ പുറത്തായി. ഇന്ത്യയ്ക്കായി മായങ്ക് യാദവ് മൂന്ന് വിക്കറ്റുകള്‍ നേടി.

