മാവൂർ: മാവൂര്‍ ഗ്രാസിം ഭൂമിയില്‍ പുതിയ വ്യവസായമെന്ന നാട്ടുകാരുടെ പ്രതീക്ഷ മങ്ങുന്നു. സര്‍ക്കാരിന്റെ മെല്ലെപ്പോക്കും സര്‍ക്കാര്‍ നടപടികള്‍ക്കെതിരേ കമ്ബനി ഹൈക്കോടതിയില്‍ കേസ് നല്‍കിയതുമെല്ലാമാണ് പുതിയ വ്യവസായമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നത്.
ചാലിയാറുള്പ്പെടെ മലിനമാകുന്നതായി കാണിച്ച് വര്‍ഷങ്ങള്‍ നീണ്ട സമരങ്ങള്‍ക്കൊടുവില്‍ 1999 മേയ് 10 ന് കമ്ബനി ഉത്പാദനം നിര്‍ത്തിവയ്ക്കുകയും 2001 ജൂലൈ ഏഴിന് പൂര്‍ണമായും അടച്ചു പൂട്ടുകയുമായിരുന്നു. കമ്ബനിയുടെ ഭൂമി ഉപയോഗപ്പെടുത്തി പ്രകൃതി സൗഹൃദമായ വ്യവസായങ്ങള്‍ ആരംഭിക്കണമെന്ന് അന്നു മുതല്‍ തന്നെ ആവശ്യമുയര്‍ന്നിരുന്നു. 240.39 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ അക്വയര്‍ ചെയ്തും 5.94 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയുമാണ് മാവൂരില്‍ പള്‍പ്പ്, ഫൈബര്‍ അനുബന്ധ വ്യവസായം ആരംഭിച്ചിരുന്നത്. 80 ഏക്കര്‍ ഭൂമി കമ്ബനി സ്വന്തമായും വാങ്ങിയിരുന്നു.
ഇത്തരത്തില്‍ 326 ഏക്കറിലധികം ഭൂമിയിലാണ് കമ്ബനി പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ അക്വയര്‍ ചെയ്തു നല്കിയ ഭൂമിയില്‍ പുതിയ വ്യവസായ സംരഭങ്ങള്‍ ആരംഭിക്കാന്‍ തടസമായി നില്ക്കുന്ന വിഷയങ്ങള്‍ പരിഹരിക്കാന്‍ ഈ സര്‍ക്കാര്‍ മാനേജ്മെന്റുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. അഡ്വ.പി.ടി.എ. റഹീം എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പി. രാജീവാണ് നിയമസഭയില്‍ ഇക്കാര്യമറിയിച്ചത്.
സര്‍ക്കാര്‍ സൗജന്യമായി നല്കിയ 5.94 ഏക്കര്‍ ഭൂമി തിരിച്ചെടുക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇതു സംബധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന മറുപടിയാണ് മന്ത്രി നല്‍കിയത്. കമ്ബനി സ്വന്തമായി വാങ്ങിയ 80 ഏക്കര്‍ സ്ഥലം ഭൂപരിഷ്കരണ നിയമപ്രകാരം ഏറ്റെടുത്ത് ഭൂ രഹിതര്‍ക്ക് വിതരണം ചെയ്യുന്നത് നിലവില്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേ സമയം ഭൂമിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ മുമ്ബാകെയുള്ള കേസ് തീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന മറുപടി പ്രതീക്ഷ നല്‍കുന്നതാണ്.
അതേസമയം വ്യവസായ ആവശ്യത്തിന് സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയിരുന്ന ഭൂമി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കായി വികസിപ്പിക്കുന്നതിനായി ഗ്രാസിമില്‍ നിന്ന് തിരിച്ചെടുക്കാന്‍ 2017 ഒക്ടോബര്‍ 10 ന് സര്‍ക്കാര്‍ ജില്ല കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു. പാര്‍ക്ക് തുടങ്ങാന്‍ കിന്‍ഫ്രയ്ക്ക് അനുമതി നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതിനെതിരേ കമ്ബനി ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യുകയുമായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.