ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും വില വര്‍ധനവിനും ഒപ്പം റേഷൻ മണ്ണെണ്ണയുടെയും വില കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയർത്തി. ഒറ്റയടിക്ക് എട്ടു രൂപയാണ് കൂട്ടിയത്. ഇതോടെ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 55 രൂപയായി. കഴിഞ്ഞ മാസം മണ്ണെണ്ണയ്ക്ക് 47 രൂപയായിരുന്നു വില. പുതുക്കിയ വില ഇന്ന് മുതൽ റേഷൻ കടകളിൽ നിലവിൽ വരും. പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധിക്കുന്ന സാഹചര്യത്തിലാണ് മണ്ണെണ്ണ വില വർധിപ്പിക്കുന്നതെന്നാണ് വിവരം.
അതേസമയം, മണ്ണെണ്ണ വിലവർധന നിലവിൽ എല്ലാ കാർഡ് ഉടമകളെയും ബാധിക്കുന്നില്ല. മഞ്ഞ കാർഡ് ഉടമകൾക്ക് ആണ് കൂടുതൽ മണ്ണെണ്ണ ലഭിക്കുന്നത്. മറ്റ് കാർഡുടമകൾക്ക് മൂന്ന് മാസം കൂടുമ്പോൾ അര ലിറ്റർ മണ്ണെണ്ണയാണ് ലഭിക്കുന്നത്. ഇതിലാണ് ഇപ്പോൾ വർദ്ധനവ് ഉണ്ടായിരിക്കുന്നത്.
മൊത്ത വ്യാപര വില ലിറ്ററിന് 6.70 രൂപയും വർധിപ്പിച്ചിട്ടുണ്ട്. നവംബർ മുതൽ പുതുക്കിയ വിലയാണ് കമ്പനികൾ ഈടാക്കുന്നത്. മണ്ണെണ്ണയുടെ അടിസ്ഥാന വില 45 രൂപയാണ്. കൂടാതെ, ഡീലർ കമ്മീഷൻ ഗതാഗത നിരക്കും 2.5 ശതമാനം വീതം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജിഎസ്ടി നികുതിയും ഉൾപ്പെടുന്ന ഹോള്‍സെയില്‍ നിരക്കാണ് 51 രൂപ. ജനങ്ങളിലെത്തുമ്പോൾ 55 രൂപയാകും.
പെട്രോള്‍,ഡീസല്‍ വില ദിനം പ്രതി വര്‍ധിപ്പിക്കവെ മണ്ണെണ്ണ വിലയിലും വന്‍ വര്‍ധനവ് വരുത്തിയത് സാധാരണക്കാരെ ഏറെ പ്രതികൂലമായി ബാധിക്കും. കാര്‍ഷികാവശ്യങ്ങള്‍ക്കടക്കം ഇന്ധനമായി മണ്ണെണ്ണ ഉപയോഗിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് ഇരുട്ടടി നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വില ഇന്നലെ വന്‍ തോതില്‍ വര്‍ധിപ്പിച്ചിരുന്നു. കൊച്ചില്‍ 266 രൂപ വര്‍ധിപ്പിച്ച് 1994 രൂപയായിരിക്കുകയാണ് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വില
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.