കല്പറ്റ: കെ.എസ്.ആര്‍.ടി.സി ബസ് സമരം മുതലെടുത്ത് സർവീസിന് വൻതുക ഈടാക്കിയ സ്വകാര്യ ബസ് യാത്രക്കാരന്റെ പരാതിയെ തുടർന്ന് പോലീസ് ബസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി ഒമ്പതിന് കോഴിക്കോട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് കൽപ്പറ്റയിലേക്കുള്ള സർവീസ് നടത്തിയ 13 എ.എഫ്. 2300 നമ്പർ ഇരഞ്ഞിക്കോത്ത് ബസ് ആണ് കൽപ്പറ്റ ടൗണിൽ വെച്ച് കസ്റ്റഡിയിലെടുത്തത്.
ബസ് ജീവനക്കാർക്കെതിരെ യാത്രക്കാർ പോലീസിൽ രേഖാമൂലം പരാതി നൽകി. അടുത്ത ദിവസം മോട്ടോര്‍ വാഹന വകുപ്പിനും പരാതി നല്‍കുമെന്ന് ബസിലെ യാത്രക്കാരനായ കൽപ്പറ്റ സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ സി.കെ. ദിനേശൻ പറഞ്ഞു. കോഴിക്കോട്ടുനിന്ന് കൽപ്പറ്റയിലേക്ക് സ്വകാര്യബസിന് 200 രൂപയായിരുന്നു നിരക്ക് ഈടാക്കിയത്. 100 രൂപയിൽ താഴെ നിരക്കുള്ളപ്പോഴാണ് ഇത്രയും വലിയ തുക ഈടാക്കിയത്.
കണ്ടക്ടര്‍ നല്‍കിയ ടിക്കറ്റില്‍ കോഴിക്കോട്ടെ തന്നെ പല സ്ഥലങ്ങളാണ് രേഖപ്പെടുത്തിയതെന്ന് ദിനേശന്‍ പറയുന്നു. യാത്രക്കാർ ടിക്കറ്റും പോലീസിന് കൈമാറി. കോഴിക്കോട്ടുനിന്ന് ബസ് പുറപ്പെടുമ്പോൾ നിറയെ യാത്രക്കാരായിരുന്നു. അമിത ചാർജിനെ ചോദ്യം ചെയ്തവരോട് പ്രത്യേക സര്‍വിസാണെന്നാണ് ബസ് ജീവനക്കാര്‍ പറഞ്ഞത്. പ്രതികരിച്ചവരെ ബസ് ജീവനക്കാർ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതായി ദിനേശൻ പറഞ്ഞു.
അമിത ചാർജിനെ എതിർക്കുന്നവരെ ഇറക്കിയില്ലെങ്കിൽ ബസ് എടുക്കില്ലെന്ന തന്ത്രം ജീവനക്കാർ പ്രയോഗിച്ചതോടെ നിരവധി യാത്രക്കാർ പ്രതികരിച്ചവര്‍ക്കെതിരേ തിരിഞ്ഞു. അധിക തുക അടയ്‌ക്കാൻ കൈയിൽ പണമില്ലാത്ത പലരും മറ്റ് യാത്രക്കാരിൽ നിന്ന് കടം വാങ്ങിയാണ് ടിക്കറ്റ് എടുത്തത് .
ജീവനക്കാരുടെ ഭീഷണി തുടരുന്നതിനിടെ അമിത ചാര്‍ജിനെ ചോദ്യം ചെയ്ത യുവാക്കളില്‍ ചിലര്‍ പൊലീസ് സ്റ്റേഷനുകളില്‍ വിവരം ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. ബസിന്റെ ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞതായി കേന്ദ്ര മോട്ടോർ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിൽ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.