മാവൂർ: മാവൂരിലെ കൽപള്ളിക്കടവിൽ നിന്ന് മണൽ വള്ളങ്ങൾ പിടികൂടിയതുമായി ബന്ധപ്പെട്ട് പാർട്ടിയുടെ പേര് വലിച്ചിഴക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് സി.പി.ഐ. എം നേതാക്കൾ മാവൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മണൽക്കടത്തിന് സി.പി.ഐ. എം ഒത്താശ ചെയ്യുന്നതായി ചില അച്ചടി മാധ്യമങ്ങളിൽ വന്ന വാർത്ത തീർത്തും വാസ്തവ വിരുദ്ധമാണ്. ഇത്തരം വ്യാജവാർത്തകൾ നൽകി മാധ്യമങ്ങൾ നുണപ്രചരണം നടത്തുന്നത് മറ്റാരുടെയോ ചട്ടുകങ്ങളായി പ്രവർത്തിക്കുകയാണ്. ഇത്തരം വാസ്തവവിരുദ്ധമായ വാർത്തകൾ നൽകുന്നതിൽ നിന്ന് അച്ചടി മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പിടികൂടിയതായി പറയപ്പെടുന്ന രണ്ട് തോണികളിൽ ഒന്ന് ഇക്കഴിഞ്ഞ പ്രളയകാലത്തുൾപ്പെടെ മാവൂരിലെ ജനങ്ങളുടെ രക്ഷാപ്രവർത്തനത്തിന് സഹായകമായിട്ടുണ്ട്. തോണികൾ പുഴയിൽ കെട്ടിയിട്ടത് എന്തിനാണെന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതരുടെയും പോലീസിന്റെയും ചോദ്യം. തോണികൾ പുഴയിലല്ലാതെ മറ്റെവിടെയാണ് സൂക്ഷിക്കുക എന്നും അവർ ചോദിച്ചു.
മണൽ കൊള്ള നടക്കുന്നുണ്ടെങ്കിൽ അത് കണ്ടെത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. ഇത്തരക്കാരെ സംരക്ഷിക്കാൻ പാർട്ടി ഉണ്ടാകില്ല. കൽപള്ളിയിലെ ജനങ്ങളെയൊന്നാകെ കള്ളന്മാരായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. പോലീസും ഗ്രാമപ്പഞ്ചായത്ത് അധികൃതരും നോക്കിനിൽക്കെ പുഴയിൽ തോണികൾ താഴ്ത്തിയവർക്കെതിരെ അധികൃതർ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണം.
മുൻകാലങ്ങളിൽ മണലെടുത്തിരുന്ന കടവുകളിൽ വ്യക്തമായ രജിസ്റ്ററുകൾ സൂക്ഷിച്ചിരുന്നു. വാഹനങ്ങൾക്ക് ടേൺ സംവിധാനമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഗ്രാമപഞ്ചായത്തിൽ അതിന്റെ രേഖകളില്ല. അവയെല്ലാം മുക്കിയതാണോയെന്ന് സംശയമുണ്ടെന്ന് സി.പി.ഐ. എം അധികൃതർ പറഞ്ഞു.
മാവൂർ എ.കെ.ജി ഭവനിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ സിപിഐ എം കണ്ണിപ്പറമ്പ് ലോക്കൽ സെക്രട്ടറി സുരേഷ് പുതുക്കുടി, ലോക്കൽ കമ്മിറ്റിയംഗങ്ങളായ വി എം ബാലചന്ദ്രൻ, അബ്ദുൾ നാസർ കൽപ്പള്ളി, ഗ്രാമപഞ്ചായത്തംഗം കെ. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഉണ്ണികൃഷ്ണൻ, സായ് പൂത്തോട്ടത്തിൽ, അഹമ്മദ് എറക്കോട്ടുമ്മൽ എന്നിവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.