കോഴിക്കോട്: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു. തിക്കോടി വലിയമഠത്തില്‍ നന്ദു എന്ന നന്ദകുമാര്‍ (31) ആണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് പുലര്‍ച്ചയാണ് നന്ദകുമാര്‍ മരിച്ചത്.
തിക്കോടി കാട്ടുവയലില്‍ മനോജിന്റെ മകള്‍ സിന്ദൂരി എന്ന കൃഷ്ണപ്രിയ(22)യെ ആണ് നന്ദകുമാര്‍ വെള്ളിയാഴ്ച തീ കൊളുത്തി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് ദേശീയപാതയ്ക്കരികിലുള്ള തിക്കോടി പഞ്ചായത്ത് ഓഫീസിന് മുമ്ബിലായിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസിന് മുമ്ബിലെത്തിയ കൃഷ്ണപ്രിയയെ സംസാരിക്കാനെന്ന പേരില്‍ തടഞ്ഞുനിര്‍ത്തി പെട്രോള്‍ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. ശേഷം യുവാവും സ്വന്തം ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
നിലവിളികേട്ട് ഓഫീസില്‍നിന്ന് ഓഫീസ് അസിസ്റ്റന്റ് ഗോവിന്ദനും നാട്ടുകാരും ഓടിയെത്തി വെള്ളം കോരിയൊഴിച്ച് തീകെടുത്താന്‍ ശ്രമിച്ചു. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ യുവതി മരിക്കുകയായിരുന്നു.
നന്ദകുമാര്‍ നാട്ടില്‍ കൂലിപ്പണി ചെയ്തുവരികയായിരുന്നു. ഈ മാസം ഒമ്ബതിനാണ് കൃഷ്ണപ്രിയ പഞ്ചായത്ത് ഓഫീസില്‍ താത്കാലിക പ്ലാനിങ് വിഭാഗം പ്രോജക്‌ട് അസിസ്റ്റന്റായി നിയമിക്കപ്പെട്ടത്. നന്ദകുമാറിന് കൃഷ്ണപ്രിയയോടുള്ള താത്പര്യവും തുടര്‍ന്നുള്ള അഭിപ്രായവ്യത്യാസവുമാണ് ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.
കൃഷ്ണപ്രിയയുടെ അമ്മ പൊതുപ്രവര്‍ത്തകയാണ്. കുറച്ചുകാലമായി കൃഷ്ണപ്രിയയും നന്ദുവും സുഹൃത്തുക്കളാണ്. എന്നാല്‍ അടുപ്പത്തിന്റെ പേരില്‍ ഇയാള്‍ കൃഷ്ണപ്രിയയുടെ കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. മുടി കെട്ടുന്നതില്‍ പോലും ഇയാള്‍ ഇടപെട്ടു.
ഭംഗിയില്‍ ഒരുങ്ങി നടക്കാന്‍ പാടില്ല, താന്‍ പറയുന്നയാളെയേ ഫോണ്‍ ചെയ്യാന്‍ പാടുള്ളൂ എന്നുള്ള ഇയാളുടെ നിബന്ധന കൃഷ്ണപ്രിയ എതിര്‍ത്തതോടെ ഇയാള്‍ ആക്രമാസക്തനായി പെണ്‍കുട്ടിയെ തെറിവിളിക്കാനും മാനസികമായി ഉപദ്രവിക്കാനും തുടങ്ങി. രണ്ട് ദിവസം മുമ്ബ് ജോലിക്ക് പോവുന്നതിനിടെ കൃഷ്ണയുടെ ഫോണ്‍ ബലമായി പിടിച്ചു വാങ്ങി താന്‍ കൃഷ്ണയെ കല്യാണം കഴിക്കുമെന്ന് വോയ്സ് മെസേജയച്ചു. പിന്നീട് ഫോണ്‍ തിരിച്ചേല്‍പ്പിക്കാനെന്ന പേരില്‍ നന്ദുവും ഒരു സുഹൃത്തും കൃഷ്ണയുടെ വീട്ടിലെത്തി.
മകളെ കല്യാണം കഴിച്ച് തരണമെന്ന് അച്ഛനോടാവശ്യപ്പെട്ടു. മകള്‍ക്ക് കല്യാണ പ്രായമായിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ കല്യാണം കഴിച്ച് തന്നില്ലെങ്കില്‍ അവളെ കൊന്നുകളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. പെയിന്റിങ് തൊഴിലാളിയായ കൃഷ്ണപ്രിയയുടെ അച്ഛന് ഹൃദ്രോഗിയായതിന് ശേഷം പലപ്പോഴും പണിക്ക് പോകാനാകുമായിരുന്നില്ല. അച്ഛനെ സഹായിക്കാനാണ് പഞ്ചായത്തില്‍ ഡാറ്റ എന്‍ട്രി ജോലിക്കാരിയായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.