മാവൂർ: വർഷങ്ങളായി ശോച്യാവസ്ഥയിലായ കണിയാത്ത്-പൈപ്പ് ലൈൻ റോഡ് ഇന്നില്ല. റോഡ് ടാറിങ് കഴിഞ്ഞു. അവസാന മിനുക്കുപണികൾ മാത്രം ബാക്കി. 1350 മീറ്റർ നീളത്തിലാണ് ഈ റോഡ് ടാർ ചെയ്തിരിക്കുന്നത്. അരമീറ്റർ വീതിയിൽ റോഡിന് ഇരുവശവും കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ഇത് റോഡിലേക്ക് വെള്ളം കയറുന്നതും റോഡിന്റെ വശങ്ങളിലെ മണ്ണ് ഒഴുകിപ്പോകുന്നതും തടയും.
ഒരു വർഷം മുമ്പ് പി.ടി.എ റഹീം എംഎൽഎ റോഡ് നിർമാണത്തിന് 42 ലക്ഷം രൂപയുടെ പ്രത്യേക ഫണ്ട് പാസാക്കിയിരുന്നു. ഒപ്പം മാവൂര്‍ പഞ്ചായത്ത് എട്ട് ലക്ഷം രൂപയും. ജല അതോറിറ്റിയുടെ റോഡായതിനാൽ ഒട്ടേറെ നിയമതടസ്സങ്ങൾ നേരിട്ടാണ് നിർമാണ പ്രവർത്തനങ്ങൾ വൈകുന്നത്. ഒപ്പം ലോക്ക്ഡൗണും മഴയും. മഴക്കാലമായതോടെ ദുരിതം വർധിച്ചു.
മഴകാരണം പണി നടത്താനാകില്ലെന്ന് കരാറുകാരൻ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ താൽക്കാലിക യാത്രാ സൗകര്യം ഒരുക്കിയിരുന്നു. ഇരുവശവും കുന്നുകൾക്ക് നടുവിലൂടെ കടന്നുപോകുന്ന റോഡിന് മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളം ഒഴുകിപ്പോകാൻ കാനകളില്ലാത്തതാണ് ഏക പോരായ്മ. ജല അതോറിറ്റിയുടെ പ്രത്യേക അനുമതിയോടെ മാത്രമേ ഓവുചാൽ നിർമാണം നടക്കൂ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.