താമരശ്ശേരി: മൊബൈല്‍ ഷോപ്പില്‍നിന്ന് 15 ഫോണുകള്‍ കവര്‍ന്ന രണ്ടു പ്രതികളെ താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫ് തെങ്ങലക്കണ്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ്ചെയ്തു. മുക്കം മുരിങ്ങംപുറായി കോട്ടക്കുത്ത് വീട്ടില്‍ മുഹ്സിന് (20), മുരിങ്ങംപുറായി പൂവത്തിക്കല്‍ വീട്ടില്‍ അജാസ്(20) എന്നിവരെയാണ് കോടഞ്ചേരി പൊലീസ് പിടികൂടിയത്.
നവംബര്‍ 20ന് പുലര്‍ച്ച 2.50നാണ് കോടഞ്ചേരി ടൗണിലുള്ള ആദിത്യ മൊബൈല്‍സില്‍ ഹെല്‍മറ്റ് ധരിച്ച പ്രതികള്‍ പൂട്ടുപൊളിച്ച് അകത്തുകയറി 15 പുതിയ ഫോണുകള്‍ കവര്‍ന്നത്. സി.സി.ടി.വി കാമറയിലേക്ക് സ്പ്രേ ചെയ്തശേഷമാണ് കളവുനടത്തിയത്. ലോക്ക് മുറിക്കുന്നതിനായി ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൈന്‍ഡര്‍ ഇവര്‍ ഓണ്‍ലൈനായി വാങ്ങിയിരുന്നു. പിന്നീട് അരീക്കോട്, കോയമ്ബത്തൂര്‍, തിരൂര്‍, കല്പറ്റ, കുന്ദമംഗലം എന്നിവിടങ്ങളിലെ മൊബൈല്‍ ഷോപ്പുകളില്‍ എഴ് ഫോണുകള്‍ സംഘം വിറ്റു.
ഇന്റര്‍നെറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത കണ്ണൂര്‍ സ്വദേശിയായ റോഷന് എന്നയാളുടെ പേരിലുള്ള ഡ്രൈവിങ് ലൈസന്‍സിന്റെ കോപ്പിയാണ് തിരിച്ചറിയല്‍ രേഖയായി ഫോണ്‍ വിറ്റ കടകളില്‍ പ്രതികള്‍ നല്‍കിയത്. കളവു നടത്തിയ മൂന്നു ഫോണുകള്‍ പൊലീസ് കണ്ടെടുത്തു. എട്ടു ഫോണുകള്‍ പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി ചേന്ദമംഗലൂര്‍ പാലത്തിനടിയില്‍ ഇരുവഴിഞ്ഞിപ്പുഴയില്‍ എറിഞ്ഞതായി മൊഴി നല്കി. പ്രതികളെ റിമാന്‍ഡ് ചെയ്തു. താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫ് തെങ്ങലക്കണ്ടിയുടെ നേതൃത്വത്തില്‍ കോടഞ്ചേരി ഇന്‍സ്പെക്ടര്‍ കെ.പി. പ്രവീണ്‍ കുമാര്‍, എസ്.ഐമാരായ കെ.സി. അഭിലാഷ്, വി. പത്മനാഭന്, സി.പി.ഒ. ജിനേഷ് കുര്യന്, സനല്‍ കുമാര്‍, ക്രൈം സ്ക്വാഡ് എസ്.ഐ മാരായ രാജീവ് ബാബു, വി.കെ. സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.