താമരശേരി: താമരശേരി ചുങ്കം -മുക്കം റോഡില്‍ വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിന് സമീപം റോഡില്‍ കലുങ്ക് നിര്‍മാണത്തിനായി കുഴിച്ച കുഴിയില്‍ ബൈക്ക് യാത്രക്കാരന് വീണ് ഗുരുതര പരിക്ക്. രാത്രിയിലാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉണ്ണികുളം എകരൂല്‍ സ്വദേശി അബ്ദുല്‍ റസാഖിനെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇയാളുടെ തുടയെല്ലിന് പൊട്ടലേല്‍ക്കുകയും ശരീരമാസകലം പരിക്കുകളുമുണ്ട്. റോഡിന്റെ പകുതി ഭാഗം കുഴിയെടുത്തിട്ടുണ്ടെങ്കിലും ഈ ഭാഗത്തേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ട് വീപ്പകള്‍ പോലും സ്ഥാപിച്ചിട്ടില്ലായിരുന്നു.
റസാഖ് സഞ്ചരിച്ച ബുള്ളറ്റ് കുഴിയില്‍ വീണ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അപകട വിവരം നാട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് അപകടത്തില്‍പ്പെട്ടയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതായി കണ്ടെത്തിയത്.
യാതൊരു മുന്നറിയിപ്പ് ബോര്‍ഡുകളോ, റിഫ്ളക്ടറുകളോ പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല. ആകെയുണ്ടായിരുന്നത് ഒരു റിബണ്‍ മാത്രം. യാതൊരു വെളിച്ചവുമില്ലാത്ത ഈ ഭാഗത്ത് എതിരെ വരുന്ന വാഹനത്തിന്റെ ലൈറ്റ് കണ്ണില്‍ പതിച്ചാല്‍ റിബണ്‍ കാണാനുള്ള സാധ്യത വളരെ കുറവാണ്. എതിരെ വന്ന വാഹനത്തിന്റെ പ്രകാശത്തില്‍ ഒന്നും കാണാനാവാതെ അബ്ദുള്‍ റസാഖ് നേരെ കുഴിയില്‍ പതിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഇതെല്ലാമാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാരുടെ ഇടപെടലിനു ശേഷം രാവിലെ ഇരുഭാഗത്തും ഓരോ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ബൈക്ക് പാലം പ്രവൃത്തിക്കായി എത്തിയ ജീവനക്കാര്‍ കുഴിയില്‍ നിന്നും കരക്കെത്തിച്ചു. സംഭവത്തില്‍ കരാറുകാരനെതിരെ നടുപടിയെടുക്കാനും കൂടുതല്‍ അന്വേഷണം നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഏറെ നാളായി പണി നടക്കുന്ന ഇവിടെ തെരുവ് വിളക്ക് പോലും ഇല്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.