കൂളിമാട്: ചാലിയാറിന് കുറുകെയുള്ള എളമരം കടവ് പാലത്തിന്റെ നിർമാണം അന്തിമഘട്ടത്തിലെത്തിയതോടെ കിലോമീറ്ററുകൾ അകലെയുള്ള കൂളിമാട് കടവ് പാലത്തിന്റെ നിർമാണവും വേഗത്തിലായി. ഒന്നാം പിണറായി സർക്കാർ 2016-2017 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25 കോടി അനുവദിച്ച പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം 2019 മാർച്ച് ഒമ്പതിന് മന്ത്രി ടി.പി.രാമകൃഷ്ണൻ ചെയ്തു. നിർമാണം ആരംഭിച്ചയുടൻ വെള്ളം കയറിയതിനാൽ പണി നിർത്തിവച്ചു.
പിന്നീട് പാലത്തിന്റെ ഉയരം വീണ്ടും ഉയർത്തി പണി പുനരാരംഭിച്ചു. പുഴയുടെ അഞ്ച് തുണുകളുടെ പണിയും, കരഭാഗമായ മപ്പുറം ഭാഗത്തെയും കൂളിമാട് ഭാഗത്തെയും കാലുകളുടെ പണിയും പൂര്‍ത്തിയായിക്കഴിഞ്ഞു. സ്ലാബിന്റെ പണിയും കൈവരിയും പൂർത്തിയായാൽ മേയ് മാസത്തോടെ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്ന് കരാറുകാരൻ പറഞ്ഞു.
കോഴിക്കോട് ജില്ലയുടെ ഭാഗമായ കൂളിമാട് ഭാഗത്തെയും മലപ്പുറം ജില്ലയുടെ ഭാഗമായ മപ്രത്തെയും കലുങ്ക് നിര്‍മാണവും പൂര്‍ത്തിയായി. നൂറുകണക്കിന് തൊഴിലാളികൾ പാലത്തിൽ നിരന്തരം ജോലി ചെയ്യുന്നു. പാലം തുറക്കുന്നതോടെ കോഴിക്കോട്, വയനാട് ജില്ലകളിലേക്ക് മലപ്പുറം ജില്ലയിൽ നിന്നും തിരിച്ചും എളുപ്പത്തിൽ എത്തിച്ചേരാനാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.