കോഴിക്കോട്: സ്റ്റുഡന്റ്‌സ് പോലീസിന് ഹിജാബും സ്കാർഫും അനുവദിക്കാനാകില്ലെന്ന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് വനിതാ ലീഗ്. മതപരമായ വസ്ത്രധാരണം SPC യുടെ മതേതര സ്വഭാവത്തെ ബാധിക്കുമെന്നത് ഇന്ത്യൻ മതേതരത്വത്തിന്റെ അന്തസത്തയ്ക്ക് വിരുദ്ധമാണ്. ഗ്രേസ് മാർക്ക് ലഭിക്കുന്ന എസ്പിസിയിൽ മതപരമായ വേഷങ്ങൾ അനുവദിക്കാത്തത് മൗലികാവകാശ ലംഘനമാണെന്ന് വനിതാ ലീഗ് പ്രസിഡന്റ് സുഹ്‌റ മമ്പാട് പറഞ്ഞു.
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോമിൽ ഹിജാബും ഫുൾസ്ലീവും അനുവദിക്കണമെന്ന ആവശ്യം സർക്കാർ തള്ളുകയായിരുന്നു. എസ്പിസിയിൽ മതപരമായ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാടറിയിച്ചത്. നിരവധി മുസ്ലിം വിദ്യാർത്ഥികൾ എസ്പിസിയുടെ ഭാഗമായി പരിശീലനം നേടിയിട്ടുണ്ടെന്നും ഇത്തരമൊരു ആവശ്യം ആരുമുന്നയിച്ചിട്ടില്ലെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. ജെൻറർ ന്യൂട്രൽ യൂണിഫോമാണ് നിലവിലുള്ളതെന്നും വകുപ്പ് അറിയിച്ചു. യൂണിഫോമിൽ മതപരമായ മാറ്റം വേണമെന്നാവശ്യപ്പെട്ട് ഒരു വിദ്യാർത്ഥിനി ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് സർക്കാർ ഇക്കാര്യത്തിൽ പരിശോധന നടത്തി ആവശ്യം തള്ളിയത്. ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു പരിശോധന.
കുറ്റിയാടി ഹയർ സെക്കന്‍ററി സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. സ്റ്റുഡന്‍റ് കേഡറ്റ് യൂണിഫോം ധരിച്ച് നിൽക്കുന്ന ഫോട്ടോ വാട്‍സാപ്പിലെ സ്കൂൾ ഗ്രൂപ്പിലേക്ക് അയക്കാൻ കുട്ടിയോട് അധ്യാപകർ നിർദേശിച്ചിരുന്നു. എന്നാൽ യൂണിഫോമിനൊപ്പം ഹിജാബും മുഴുക്കൈനീളമുള്ള ഷർട്ടുമാണ് കുട്ടി ധരിച്ചിരുന്നത്. എന്നാലിത് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് യൂണിഫോമല്ലെന്നും, അനുവദിക്കാനാകില്ലെന്നും, നിഷ്കർഷിച്ച വസ്ത്രം തന്നെ ധരിക്കണമെന്നും കുട്ടിയോട് അധ്യാപകർ ആവശ്യപ്പെട്ടു.
എന്നാൽ, ഭരണഘടനയുടെ 25(1) വകുപ്പ് പ്രകാരം ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയെന്നത് തന്‍റെ അടിസ്ഥാനപരമായ അവകാശമാണെന്നും, മതപരമായ വസ്ത്രം താൻ ധരിക്കുന്നത് കൊണ്ട് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിന്‍റെ അച്ചടക്കത്തെയോ മറ്റുള്ളവരുടെ അവകാശത്തെയോ താൻ ഹനിക്കുന്നില്ലെന്നും കുട്ടി ഹർജിയിൽ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.