കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി നടൻ ദിലീപ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. തനിക്കെതിരായ എഫ്ഐആർ കെട്ടിച്ചമച്ചതാണെന്നും തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നുമാണ് പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നത്. വിചാരണ അട്ടിമറിക്കാനാണ് പുതിയ കേസുമായി മുന്നോട്ട് പോകുന്നത്. ഗൂഢലക്ഷ്യത്തോടെ തയാറാക്കിയ എഫ്ഐആർ റദ്ദാക്കണമെന്നാണ് ആവശ്യം. ഏതെങ്കിലും കാരണവശാൽ കേസ് റദ്ദാക്കാത്ത സാഹചര്യത്തിൽ അന്വേഷണം സിബിഐയ്ക്കു കൈമാറണമെന്നും ദിലീപ് അഭ്യർഥിച്ചിട്ടുണ്ട്.
കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബൈജു പൗലോസും സംവിധായകൻ ബാലചന്ദ്രകുമാറും ചേർന്നാണ് തനിക്കെതിരായി ഗൂഢാലോചന നടത്തി കേസ് കെട്ടിച്ചമച്ചിരിക്കുന്നത്. ഇരുവരും വ്യക്തിവിരോധം തീർക്കുകയാണ്. ഡിജിപി ബി.സന്ധ്യ, എഡിജിപി എസ്.ശ്രീജിത്ത് എന്നിവരുടെ അറിവോടെയാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയിരിക്കുന്നതെന്നും ദിലീപ് ഹർജിയിൽ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






