അടിമാലി | ഇടുക്കിയുടെ മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുന്നു. കനത്ത മഴയെത്തുടർന്ന് കല്ലാർകുട്ടിയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു.
നേരിമംഗലം ആറാംമൈലിന് സമീപം മരം കടപുഴകി വീണും ഗതാഗത തടസ്സമുണ്ടായി. അടിമാലി ടൗണില്‍ രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്.അടിമാലിയില്‍ തോട് കരകവിഞ്ഞൊഴുകി വിവിധ കെട്ടിടങ്ങളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറി. അടിമാലി പട്ടികജാതി സർവീസ് സഹകരണ സംഘത്തിന്റെ കെട്ടിടത്തിനുള്ളില്‍ വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. ഈ കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന സ്പൈസസ് വേള്‍ഡ് എന്ന സ്പൈസസ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലെ ഉല്‍പ്പന്നങ്ങള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
കൂടാതെ അടിമാലി ടൗണിലെ ഒരു ഓഫ്സെറ്റ് പ്രിന്റിംഗ് പ്രെസ്സ് ഉള്‍പ്പെടെയുള്ള വിവിധ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. പ്രിന്ററുകളും മറ്റ് യന്ത്രസാമഗ്രികളും വെള്ളത്തിലായി തകരാറിലായിട്ടുണ്ട്. നിലവില്‍ മഴയ്ക്ക് അല്പം ശമനമുണ്ടെങ്കിലും പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ട് തുടരുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








