തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ്സിൽ അധ്യാപികയ്ക്ക് എതിരെയുണ്ടായ ലൈംഗികാതിക്രമം തടയാൻ ശ്രമിക്കാതിരുന്ന ബസ് കണ്ടക്ടർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് ഗതാഗത വകപ്പ് മന്ത്രി ആന്റണി രാജു. പ്രാഥമിക അന്വേഷണത്തിൽ അപാകതയുണ്ടെന്ന് വ്യക്തമായെന്നും ഇന്ന് തന്നെ നടപടി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടക്ടർക്ക് വീഴചപറ്റിയതായി കെഎസ്ആർടിസി വിജിലൻസ് വിഭാഗം ഗതാഗത വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.
തിരുവനന്തപുരം-കോഴിക്കോട് സൂപ്പർ ഡീലക്സ് ബസ്സിൽ എറണാകുളത്തിനും തൃശ്ശൂരിനുമിടയിൽ വച്ചാണ് അധ്യാപികകക് നേരെ അതിക്രമം ഉണ്ടായത്. ബസ് കണ്ടക്ടർ ജാഫറിനോട് ഇക്കാര്യം പറഞ്ഞെങ്കിലും അവഹേളിക്കുന്ന രീതിയിലായിരുന്നു പെരുമാറ്റമെന്ന് അധ്യാപിക പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ടക്ടർക്കെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസ്സെടുത്തു. കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതുൾപ്പെടെയുളള വകുപ്പുകൾ ചേർത്താണ് കേസ്സെടുത്തത്.
ഉപദ്രവിച്ചയാളെ തിരിച്ചറിഞ്ഞില്ലെങ്കിലും ഇയാൾക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്സെടുത്തിട്ടുണ്ട്. ബഹളത്തിനിടെ ഇയാൾ ബസ്സിൽ നിന്ന് കടന്നുകളഞ്ഞെന്നാണ് അധ്യാപിക പറയുന്നത്. ബസ്സിലെ യാത്രക്കാരുടെ പട്ടികയിൽ നിന്ന് ഇയാളെ കണ്ടെത്താനുളള ശ്രമം പൊലീസ് തുടങ്ങി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






