ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട കേസിലെ 32 പ്രതികളേയും വെറുതെ വിട്ട ലഖ്നൗ സിബിഐ കോടതി വിധിയില്‍ പ്രതികരണവുമായി മന്ത്രി കെ ടി ജലീൽ. ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ എല്ലാ പ്രതികളെയും വെറുതെവിട്ട കോടതി വിധിക്കെതിരെ കടുത്ത വിമര്‍ശനമാണ് വന്നുകൊണ്ടിരിക്കുന്നത്.
ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെയും ഇന്ന് സി.ബി.ഐ കോടതി വെറുതെ വിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് കേസിലെ എല്ലാ പ്രതികളേയും കോടതി വെറുതെ വിട്ടത്. പ്രത്യേക ജഡ്ജി എസ് കെ യാദവാണ് വിധി പറഞ്ഞത്. ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് ഹാജാരാക്കിയ ഫോട്ടോകള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കറുപ്പും കാവിയും ഇടചേർന്ന പുറംചട്ടയുമായി 2006 ആഗസ്റ്റ് ഒന്നിനാണ് പെൻഗ്വിൻ ബുക്സ് “അയോദ്ധ്യ – ഡിസംബർ 6, 1992” എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ബാബരി മസ്ജിദ് തകർക്കപ്പെടുന്ന സമയത്ത് മതേതര ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന കോൺഗ്രസ്സ് നേതാവ് നരസിംഹ റാവുവാണ് ഗ്രന്ഥകർത്താവ്. മതനിരപേക്ഷതയുടെ കൂടി സൗധമായി ഗണിക്കപ്പെട്ടിരുന്ന ഒരു ചരിത്ര സ്മാരകം തകർക്കപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ്സിനുണ്ടായ നഷ്ടങ്ങളെക്കുറിച്ച് വിലയിരുത്തി റാവു അവസാനിപ്പിക്കുന്നത് ഇങ്ങിനെയാണ്; “ഭാവി എൻ്റെ നിലപാട് ശരിവെയ്ക്കുമോയെന്ന് കണ്ടറിയണം. ശരിവെച്ചാൽ സന്തോഷം”.
അന്നത്തെ കേന്ദ്ര സർക്കാരിൻ്റെ സർവ സന്നാഹങ്ങളെയും കാറ്റിൽപറത്തി ബാബരി മസ്ജിദ് നിലംപരിശാക്കാൻ കഴിഞ്ഞു എന്ന ആത്മ വിശ്വാസമാണ് സംഘ്പരിവാരങ്ങളെ രാജ്യത്ത് ഇത്രപെട്ടന്ന് അധികാരത്തിലെത്തിച്ചത്. ബാബരി മസ്ജിദ് തകർക്കപ്പെട്ടില്ലായിരുന്നു എങ്കിൽ ബി.ജെ.പി യുടെ അധികാര മോഹം പൂവണിയാൻ കുറേക്കൂടി പതിറ്റാണ്ടുകൾ അവർക്ക് കാത്തിരിക്കേണ്ടി വരുമായിരുന്നു. ആ
കാലദൈർഘ്യം ചുരുക്കിക്കൊടുക്കാൻ കോൺഗ്രസ്സിനും അവരെ പിന്താങ്ങിയ മുസ്ലിംലീഗ് ഉൾപ്പടെയുള്ളവർക്കും സാധിച്ചുവെന്നതിൻ്റെ പേരിലാകും റാവുവും റാവുവിനെ പിന്തുണച്ചവരും ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ടാവുക.
സുപ്രീംകോടതി വിധിയിലൂടെ പള്ളി പൊളിച്ച സ്ഥലത്ത് ക്ഷേത്രം പണി തുടങ്ങിക്കഴിഞ്ഞു. പുതിയ മസ്ജിദ് പണിയാൻ അഞ്ചേക്കർ ഭൂമിയും ലഭ്യമാക്കി. ഇപ്പോഴിതാ ലോകം മുഴുക്കെ വേദനയോടെ നേർകണ്ണുകൊണ്ട് കണ്ട ഒരു ഹീനകൃത്യത്തിന് തെളിവില്ലെന്ന് പറഞ്ഞ് എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടിരിക്കുന്നു. രാജ്യം ഏതുദിശയിലേക്കാണ് നീങ്ങുന്നത് എന്നതിൻ്റെ വ്യക്തമായചുണ്ടുപലകയാണ് ഇത്.
ബാബരി മസ്ജിദ് പൊളിക്കാൻ കൂട്ടുനിന്നതിൻ്റെ പേരിൽ കോൺഗ്രസ്സിന് ഭവിച്ച തീരാനഷ്ടം കണ്ടും, ആർ.എസ്.എസിനും ബി.ജെ.പിക്കും കിട്ടിയ വൻലാഭം കൺകുളിർക്കെ ആസ്വദിച്ചും നരസിംഹ റാവു മറുലോകത്തിരുന്ന് സന്തോഷിക്കുകയാകുമോ അതോ ദു:ഖിക്കുകയാകുമോ ചെയ്യുന്നുണ്ടാവുക?
കോൺഗ്രസ്സിൻ്റെ വിഷലിപ്ത മതേതരത്വത്തെ തിരിച്ചറിയാൻ ഇനിയും മതേതരവാദികളും മത ന്യൂനപക്ഷങ്ങളും വൈകിയാൽ അവരെ കാത്തിരിക്കുന്നത് അനുഭവിച്ചതിനേക്കാൾ വലിയ ദുരന്തമാകും. കാലത്തിൻ്റെ മലമടക്കുകളിൽ പാടിപ്പതിഞ്ഞ വരികളാണ് മനസ്സിൽ തെളിയുന്നത്;
“മുന്നിൽ നിന്ന് വെടിയുതിർത്താൽ പ്രതിരോധകവചം തീർക്കാം,
പിന്നിൽ ചതിക്കുഴി തീർത്താലോ,
അടിതെറ്റി നിപതിക്കലല്ലാതെ മറ്റെന്തുവഴി”.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.