ന്യൂഡൽഹി ∙ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി തരംഗം. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് എഎപി പഞ്ചാബിൽ വൻ മുന്നേറ്റമാണ് നടത്തുന്നത്. ആകെയുള്ള 117 സീറ്റുകളിലും ഫലസൂചനകൾ അറിവാകുമ്പോൾ 90 സീറ്റിലും എഎപി മുന്നേറുകയാണ്. ഭരണകക്ഷിയായ കോൺഗ്രസ് 13 സീറ്റിലും ശിരോമണി അകാലിദൾ ഒൻപതു സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപി സഖ്യം നാലു സീറ്റിലാണ് മുന്നിൽ. പഞ്ചാബിൽ കേവല ഭൂരിപക്ഷത്തിന് 59 സീറ്റുകളാണ് വേണ്ടത്. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ചരൺജിത് സിങ് ഛന്നി മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും പിന്നിലാണ്. കോൺഗ്രസുമായി പിണങ്ങി ബിജെപി യിൽ ചേക്കേറിയ അമരീന്ദർ സിങ് പട്യാലയിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അമൃത്സർ ഈസ്റ്റിൽ കോൺഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ധുവും മൂന്നാം സ്ഥാനത്താണ്.
യുപിയിൽ ബിജെപി ലീഡ് കേവലഭൂരിപക്ഷം കടന്നു; തുടർഭരണം ഉറപ്പിച്ച് യോഗി
ഡൽഹിക്കു പുറത്ത് ആദ്യമായി ഒരു സംസ്ഥാനത്ത് ആംആദ്മി പാർട്ടി അധികാരം പിടിക്കുമോ എന്ന ആകാംക്ഷയിലാണ് ദേശീയ രാഷ്ട്രീയം. ഇവിടെ എക്സിറ്റ് പോളുകളെല്ലാം വിജയം പ്രവചിച്ചിരിക്കുന്നത് ആംആദ്മി പാർട്ടിക്കാണ്. പഞ്ചാബിൽ ആകെ 117 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്. ആകെ 1304 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇതിൽ 93 സ്ത്രീകളും രണ്ട് ട്രാൻസ്ജൻഡേഴ്സും ഉൾപ്പെടുന്നു. ഭഗ്‌വന്ത് സിങ് മാനാണ് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.