ദോഹ: കമ്പനികൾ ശമ്പളം കൃത്യസമയത്ത് നൽകണമെന്നും ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തണമെന്നും കുറ്റകൃത്യങ്ങൾ തടയാൻ സഹായിക്കണമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം
‘കുറ്റകൃത്യം തടയൽ ഒരു കൂട്ടുത്തരവാദിത്വം’ എന്ന തലക്കെട്ടിൽ ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച നടത്തിയ വെബ്ബിനാറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. “ചില കമ്പനികൾ ശമ്പളം നൽകാത്തത് തൊഴിലാളികൾ സമരം ചെയ്യാൻ കാരണമായി. രാജ്യത്തിന്റെ നിയമവ്യവസ്ഥക്കും മതമൂല്യങ്ങൾക്കും വിരുദ്ധമാണ് ഈ സമരങ്ങൾ,” ക്യാപ്റ്റൻ മിഷാൽ മുബാറക് അൽ മൻസൂരി വെബ്ബിനാറിൽ പറഞ്ഞു.
തൊഴിലാളികളുടെ താമസ സ്ഥലത്ത് സെക്യൂരിറ്റി ക്യാമറകൾ സ്ഥാപിക്കണമെന്നും ഇത് മോഷണവും മറ്റു കുറ്റകൃത്യങ്ങളും തടയാൻ സഹായിക്കുമെന്നും അതുപോലെ എ.ടി എമ്മിൽ നിന്നും പണം പിൻവലിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും പൊതുജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. സെക്യൂരിറ്റി ക്യാമറയുള്ള സ്ഥലത്താണ് നിൽക്കുന്നത് എന്ന് ഉറപ്പുവരുത്തുകയും ചുറ്റുപാടിലുള്ള ആളുകളെ നിരീക്ഷിക്കുകയും ചെയ്യണം. ദൂരെ നിർത്തിയിട്ട കാറിൽ പണം സൂക്ഷിക്കരുത്. കൂടാതെ പൊതുസ്ഥലങ്ങളിൽ പുകവലിക്കരുത് മദ്യപിക്കരുത് മദ്യപിച്ചതിന് ശേഷം റോഡിൽ പിടിക്കപ്പെട്ടാൽ ആറ് മാസം തടവും 3,000 റിയാൽ പിഴയുമാണ് ശിക്ഷ. മദ്യം രാജ്യത്തേക്ക് കൊണ്ടുവരികയോ ഇവിടെ നിര്മിക്കുകയോ വിൽക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവും 10,000 റിയാൽ പിഴയും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്വർണാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും നാട്ടിൽ പോകുന്നതിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പ് മാത്രം വാങ്ങണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.