ന്യൂഡൽഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള നടപടികളുമായി ബി.ജെ.പി. ഇതിന്റെ ഭാഗമായി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വിഷയം സജീവ ചർച്ചയ്ക്ക് വിധേയമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ട്. ഏക സിവിൽ കോഡ് രൂപീകരിക്കാൻ സംസ്ഥാനത്ത് ഉന്നതതല സമിതി രൂപീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധോമി പറഞ്ഞു. സംസ്ഥാനത്തിന്റെ സാമുദായിക സൗഹാർദം തകർക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല. ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഉണ്ടെങ്കിൽ മറ്റ് സംസ്ഥാനങ്ങളും അത് പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഏകീകൃതസിവില്‍ കോഡ് നടപ്പാക്കല്‍.
അതെ സമയം ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയും പറഞ്ഞു. ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ നിര്‍ദേശത്തിന് പിന്നാലെയായിരുന്നു യുപി ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന. രാജ്യത്തും സംസ്ഥാനത്തും ഇത് അതിവേഗം നടപ്പാക്കുന്നത് ആലോചനയിലാണെന്നും കേശവപ്രസാദ് മൗര്യ പറഞ്ഞു.
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും ഏക സിവില്‍കോഡ് ഒരു മികച്ച നീക്കമാണെന്ന് പറഞ്ഞു. ഹിമാചലില്‍ ഏക സിവില്‍കോഡ് നടപ്പാക്കുന്ന കാര്യം തന്റെ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. നടപ്പിലാക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അസം മുഖ്യമന്ത്രിയും സമാനമായ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
‘സിഎഎ, രാമക്ഷേത്രം, മുത്തലാഖ്, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍ തുടങ്ങിയ വിഷയങ്ങള്‍ പരിഹരിച്ചു. ഇനി ഏകീകൃത വ്യക്തിനിയമം നടപ്പാക്കാനുള്ള സമയമാണ്’, അമിത് ഷാ യോഗത്തില്‍ പറഞ്ഞു. ഒരു പൈലറ്റ് പദ്ധതിയായി ഉത്തരാഖണ്ഡില്‍ ഏകീകൃത വ്യക്തിനിയമം നടപ്പാക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. എല്ലാം സമയത്തിന് നടക്കുമെന്നും പ്രവര്‍ത്തകര്‍ പാര്‍ട്ടിക്ക് ദോഷമുണ്ടാകുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു.
ഏകീകൃത സിവില്‍ കോഡ് നടപ്പായാല്‍ വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ രാജ്യത്ത് പൊതുനിയമത്തിന് കീഴില്‍ വരും. ഈ വിഷയങ്ങളില്‍ മതാടിസ്ഥാനത്തില്‍ പ്രത്യേക സംവിധാനം ഉണ്ടാകില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.