ഉത്തര്‍പ്രദേശില്‍ ഹാഥ്‌റസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി പോയ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് എംപിമാരുടെ സംഘത്തെ യുപി അതിര്‍ത്തിയില്‍ തടഞ്ഞു. ഡല്‍ഹി-നോയിഡ ഡയറക്ട് ഫ്‌ളൈവേയില്‍ ബാരിക്കേഡുകള്‍ തീര്‍ത്ത് വന്‍പോലീസ് സന്നാഹമാണ് തീര്‍ത്തിട്ടുള്ളത്. പ്രിയങ്ക ഗാന്ധി ഓടിച്ച കാറിലാണ് രാഹുല്‍ ഗാന്ധി നോയിഡ അതിര്‍ത്തിയിലെത്തിയത്. നൂറു കണക്കിന് പ്രവര്‍ത്തകരും സംഘത്തിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് അതിര്‍ത്തിയിലെത്തിയിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിലവില്‍ നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു.
ഇത് രണ്ടാം തവണയാണ് രാഹുലും സംഘവും പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണാനുള്ള ശ്രമം നടത്തുന്നത്. രണ്ടു ദിവസം മുമ്പ് ഹാഥ്‌റാസ് സന്ദര്‍ശിക്കാനുള്ള നേരത്തെ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ശ്രമത്തെ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് യുപി പോലീസ് തടഞ്ഞിരുന്നു.
രാഷ്ട്രീയ നേതാക്കളെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്കും നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. കനത്ത പ്രതിഷേധം ഉയര്‍ന്നതോടെ പിന്നീട് വിലക്ക് നീക്കി.
രാഹുല്‍ എത്തുന്നതറിഞ്ഞ് നൂറുകണക്കിന് പോലീസിനെയാണ് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഇവിടെയുണ്ട്.
രാഹുലിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ വീട്ടുതടങ്കലിലാക്കിയിരുന്നു.ഇതിനിടെ യുപി ഡിജിപിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയും പെണ്‍കുട്ടിയുടെ വീട്ടിലെത്തി ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









