കോഴിക്കോട് ∙ മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പി.സി.ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു വിവാദ പരാമർശം. സംഭവത്തില്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് പരാതി നൽകി.
പി.കെ.ഫിറോസിന്റെ പരാതി
വളരെ സൗഹാർദപൂർവം ജനങ്ങൾ അധിവസിക്കുന്ന നാടാണു കേരളം. അങ്ങിനെയൊരിടത്ത് ജനങ്ങൾക്കിടയിൽ വർഗീയത പറഞ്ഞും പ്രസംഗിച്ചും ചേരിതിരിവുണ്ടാക്കാനുള്ള പരിശ്രമങ്ങൾ ഒരു തരത്തിലും അനുവദിച്ചുകൂടാ. ഹിന്ദു മഹാ പരിഷത്ത് തിരുവനന്തപുരത്തു നടത്തുന്ന ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ 29ന് ഉദ്ഘാടനം ചെയ്തു സംസാരിച്ച മുൻ എംഎൽഎ പി.സി.ജോർജ്, പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിച്ചതായും കാണാം.
കച്ചവടം ചെയ്യുന്ന മുസ്‌ലിംകൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു, മുസ്‌ലിംകൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിംകളായ കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്‌ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചത്.
ഇതെല്ലാം മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിറുത്താനും മറ്റു സമുദായത്തിലെ വിശ്വാസികൾക്കും ഇവർക്കുമിടയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണു കാരണമാകുക. ഇത്തരം പ്രസ്താവന നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കേണ്ടതു നമ്മുടെ നാട്ടിൽ ക്രമസമാധാനവും മതസൗഹാർദവും നിലനിർത്താൻ അനിവാര്യമാണ്. ആയതിനാൽ, ഐപിസി 153എ പ്രകാരവും മറ്റു വകുപ്പുകൾ പ്രകാരവും ഇദ്ദേഹത്തിനെതിരെ കേസെടുത്ത് നിയമ നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.