പെരിന്തൽമണ്ണ ∙ പടക്കം നിറച്ച ഗുഡ്സ് ഓട്ടോയിൽ ഭാര്യയെയും 2 പെൺമക്കളെയും കയറ്റിയ ശേഷം തീകൊളുത്തിയ ഭർത്താവ് സമീപത്തെ കിണറ്റിൽ ചാടി. ഭർത്താവും ഭാര്യയും ഒരു മകളും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇളയകുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ. കരുവാരകുണ്ട് മാമ്പുഴ തെച്ചിയോടൻ മുഹമ്മദ്(52), ഭാര്യ പൂന്താനം കൊണ്ടിപറമ്പ് പലയക്കോടൻ ജാസ്മിൻ(37), ഇവരുടെ രണ്ടാമത്തെ മകൾ ഫാത്തിമ സഫ(11)എന്നിവരാണ് മരിച്ചത്. ഇളയ മകൾ ഷിഫാന(5)യെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദമ്പതികൾക്ക് ഇവരെക്കൂടാതെ ഒരു മകൾ കൂടിയുണ്ട്.
ഇന്നലെ രാവിലെ 11.15ന് കൊണ്ടിപറമ്പ് നെല്ലിക്കുന്നിലാണ് നാടിനെ നടുക്കിയ സംഭവം. കുടുംബപ്രശ്നങ്ങൾ കാരണം ഒരു മാസം മുൻപ് ജാസ്മിനും മക്കളും കൊണ്ടിപറമ്പിലെ സ്വന്തം വീട്ടിലെത്തിയിരുന്നു. ഇന്നലെ ഇവിടെയെത്തിയ മുഹമ്മദ് ഭാര്യാവീടിനു 100 മീറ്റർ അകലെ വണ്ടി നിർത്തിയശേഷം ഇവരെ വിളിച്ചുവരുത്തി ഓട്ടോയിൽ കയറ്റി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു . തങ്ങളെ കൊല്ലാൻ പോകുകയാണെന്ന് ജാസ്മിൻ വീട്ടിലേക്ക് മൊബൈലിൽ വിളിച്ചു പറഞ്ഞതിനെത്തുടർന്ന് ഓടിയെത്തിയ ബന്ധുക്കൾ കണ്ടത് തീ ആളിപ്പടരുന്ന വാഹനമാണ്. വാഹനത്തിലുണ്ടായിരുന്ന പടക്കങ്ങൾ തുടർച്ചയായി പൊട്ടിയതും തീ ആളിക്കത്തിയതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.