പാലക്കാട് | കാഞ്ഞിരപ്പുഴ കല്ലാംകുഴിയിൽ രണ്ട് സുന്നി പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 25 പേർക്കും ഇരട്ട ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകം നടന്ന് ഏഴ് വർഷത്തിന് ശേഷം ഫെബ്രുവരിയിലാണ് വിചാരണ ആരംഭിച്ചത്.
2013 നവംബർ 20ന് രാത്രി ഒമ്പത് മണിയോടെ കല്ലാംകുഴിയിലെ വീട്ടിൽ പരേതനായ മുഹമ്മദ് ഹാജിയുടെ മക്കളായ കുഞ്ഞുഹംസയെയും നൂറുദ്ദീനെയും ആയുധധാരികളായ സംഘം വെട്ടിക്കൊലപ്പെടുത്തി. മറ്റൊരു സഹോദരൻ കുഞ്ഞുമുഹമ്മദിനും ആക്രമണത്തിൽ പരിക്കേറ്റു. സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത 26 പേരും മുസ്ലീം ലീഗുകാരോ പ്രവർത്തകരോ ആയിരുന്നു. കേസിൽ 27 പ്രതികളാണുണ്ടായിരുന്നത്. അവരിൽ ഒരാൾ മരിച്ചു. മറ്റൊരു പ്രതി പ്രായപൂർത്തിയാകാത്തയാളാണ്. കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ചോലാട്ടിൽ സിദ്ദിഖാണ് ഒന്നാം പ്രതി.
അറസ്റ്റിലായതിനു ശേഷം ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ലീഗ് നേതാക്കളോടൊപ്പം നില്ക്കുന്ന ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിവാദങ്ങളുണ്ടാക്കി. പ്രതികള്‍ക്ക് രാഷ്ട്രീയ സഹായം ലഭിക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ സാക്ഷികളെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുകയും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഹൈക്കോടതി അഞ്ച് പ്രതികളുടെ ജാമ്യം റദ്ദ് ചെയ്തിരുന്നു. കേസിന്റെ വിചാരണ നീണ്ടുപോയതിനാല്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ ഹൈക്കോടതിയെ വീണ്ടും സമീപിച്ചു. തുടര്‍ന്ന് കേസിന്റെ വിചാരണ നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു. 90ഓളം സാക്ഷികളാണ് കേസിലുള്ളത്. എസ് വൈ എസ് കല്ലാംകുഴി യൂനിറ്റ് സെക്രട്ടറിയായിരുന്നു നൂറുദ്ദീന്‍. പ്രതികളെ രക്ഷപ്പെടുത്താന്‍ രാഷ്ടീയ തലത്തിലും മറ്റും സമ്മര്‍ദമുണ്ടായിരുന്നുവെങ്കിലും ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയാറായത്. കല്ലാംകുഴി സുന്നി ജുമുഅ മസ്ജിദില്‍ തണല്‍ എന്ന സംഘടന അനധികൃത പിരിവ് നടത്തുന്നതിനെതിരെ വഖ്ഫ് ബോര്‍ഡില്‍ നിന്ന് കുഞ്ഞുഹംസ വിധി സമ്പാദിച്ചിരുന്നു. ഇതിലുള്ള വിരോധമായിരുന്നു കൊലപാതകത്തിന് പിന്നില്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.