കൊച്ചി: സാധാരണക്കാർ നോക്കിക്കാണുന്ന സാധാരണ വസ്‌തുക്കളില്‍ പോലും സാങ്കേതികവിദ്യയുടെ വിപ്ലവം തീർക്കാമെന്ന് തെളിയിക്കുകയാണ് എറണാകുളം സ്വദേശിയായ അക്ഷയ് രാജ് പി.ആർ.
ലോകത്തിലെ ഏറ്റവും ചെറിയ പോർട്ടബിള്‍ കാലാവസ്ഥാ സ്റ്റേഷൻ നിർമ്മിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സില്‍ ഇടംനേടിയിരിക്കുകയാണ് പത്തൊൻപതുകാരനായ ഈ മിടുക്കൻ.
കുഞ്ഞൻ കാലാവസ്ഥാ സ്റ്റേഷൻ
കേവലം 35 മില്ലിമീറ്റർ നീളവും 32.5 മില്ലിമീറ്റർ വീതിയുമുള്ള (35 mm x 32.5 mm) ഒരു കുഞ്ഞൻ ഉപകരണമാണ് അക്ഷയ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. വലിപ്പത്തില്‍ ചെറുതാണെങ്കിലും പ്രവർത്തനത്തില്‍ അതിശയിപ്പിക്കുന്നതാണ് ഈ ഉപകരണം. അന്തരീക്ഷത്തിലെ താപനില, ഈർപ്പം , അന്തരീക്ഷമർദ്ദം, കാർബണ്‍ മോണോക്സൈഡിന്റെ അളവ് എന്നീ നാല് പ്രധാന പാരിസ്ഥിതിക ഘടകങ്ങള്‍ ഒരേസമയം കൃത്യമായി നിരീക്ഷിക്കാൻ ഇതിന് സാധിക്കും. ഉപകരണത്തില്‍ ഘടിപ്പിച്ചിരിക്കുന്ന 24 മില്ലിമീറ്റർ വലിപ്പമുള്ള ചെറിയ സ്ക്രീനിലൂടെ തത്സമയ വിവരങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 2026 ജൂണ്‍ 17-നാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ഈ അപൂർവ നേട്ടം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
വളരുന്ന കൈകളില്‍ വിരിയുന്ന സാങ്കേതിക വിസ്മയങ്ങള്‍
കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ മൂന്നാം വർഷ ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് അക്ഷയ്. എറണാകുളം സ്വദേശികളായ പി.എൻ. രാജൻ – പി.ആർ. രമണി ദമ്പതികളുടെ മകനാണ്. റെക്കോർഡ് നേട്ടങ്ങള്‍ക്കപ്പുറം ഒട്ടനവധി മികച്ച സാങ്കേതിക പ്രോജക്ടുകളാണ് അക്ഷയ് ഇതിനകം സ്വന്തം കൈകൊണ്ട് നിർമ്മിച്ചിട്ടുള്ളത്.
ഏത് പ്രതികൂല ഭൂപ്രകൃതിയിലും സഞ്ചരിക്കാൻ സാധിക്കുന്ന ‘പ്ലാനറ്ററി എക്സ്പ്ലോറേഷൻ റോവർ’, ‘മൈക്രോ കാറ്റഗറി ഡ്രോണ്‍’, തടസ്സങ്ങള്‍ സ്വയം തിരിച്ചറിഞ്ഞ് സഞ്ചരിക്കുന്ന റോബോട്ട്, ഓട്ടോമാറ്റിക് പ്ലാന്റ് വാട്ടറിംഗ് സിസ്റ്റം, ഗ്യാസ് ലീക്കേജ് ഡിറ്റക്ഷൻ സിസ്റ്റം, അള്‍ട്രാസോണിക് ദൂരമാപന ഉപകരണം തുടങ്ങി നീളുന്നു ആ പട്ടിക. മികച്ച ഇന്നൊവേഷനുകള്‍ക്കുള്ള കേരള സർക്കാരിന്റെ വൈ.ഐ.പി (YIP 4.0) സംസ്ഥാനതല ജേതാവ് കൂടിയാണ് ഈ കൗമാര പ്രതിഭ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








