ലഹരിമരുന്ന് കേസിൽ നടൻ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ക്ലീൻ ചിറ്റ്. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് ആര്യനെ കുറ്റവിമുക്തനാക്കിയത്. ആര്യന്റെ കയ്യിൽനിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ആര്യനെതിരെ തെളിവില്ലെന്നും എൻസിബി വ്യക്തമാക്കി. 26 ദിവസത്തോളം കസ്റ്റഡിയിലായിരുന്ന ആര്യന് പിന്നീട് ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒക്ടോബർ 30ന് ആര്യൻ ജയിൽ മോചിതനായി.
കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രത്തിൽനിന്ന് ആര്യനൊപ്പം മറ്റു നാലു പേരെക്കൂടി തെളിവില്ലാത്തതിന്റെ പേരിൽ ഒഴിവാക്കി. കഴിഞ്ഞവർഷം ഒക്ടോബർ 2ന് ആഡംബരക്കപ്പലിലെ റെയ്ഡിലാണ് ആര്യനെയുൾപ്പെടെ എൻസിബി അറസ്റ്റ് ചെയ്തത്. ആര്യന് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണം സ്ഥാപിക്കാനാകാതെ വന്നതോടെ കേസ് ദുർബലപ്പെട്ടു. ഷാറൂഖ് ഖാനിൽനിന്നു വാങ്കഡെ കോടികൾ വാങ്ങി കേസ് ഒതുക്കാൻ ശ്രമിച്ചെന്ന ആരോപണം ശക്തമായതോടെ എൻസിബി സംഘത്തിനെതിരെ വകുപ്പുതല അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
അറസ്റ്റിലായ 19 പേരിൽ ആര്യനടക്കം 17 പേർ ജാമ്യത്തിലിറങ്ങി. കള്ളപ്പണക്കേസിൽ മന്ത്രി നവാബ് മാലിക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിന്നീട് അറസ്റ്റ് ചെയ്തു. ആര്യനെ എൻസിബി ലഹരിക്കേസിൽ കുടുക്കിയതാണോയെന്ന് മുംബൈ പൊലീസ് അന്വേഷിക്കുമെന്നു മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വൽസെ പാട്ടീൽ പ്രഖ്യാപിച്ചിരുന്നു. ലഹരിമരുന്ന് ഇടപാടുകൾക്കായി ആര്യൻ, സുഹൃത്ത് അർബാസ് മെർച്ചന്റ്, മോഡൽ മുൺമുൺ ധമേച്ഛ എന്നിവർ ഗൂഢാലോചന നടത്തിയതിനു തെളിവില്ലെന്നു ബോംബെ ഹൈക്കോടതി വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു ഇത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.