കോഴിക്കോട്: റെയില്‍വെയുടെ മലയാളി ബാസ്കറ്റ് ബോള്‍ താരം ലിതാര തൂങ്ങിമരിച്ച സംഭവത്തില്‍ ബിഹാര്‍ പൊലീസ് കോഴിക്കോട്ടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.ബിഹാര്‍ രാജ്നഗര്‍ പൊലീസ് സ്റ്റേഷന് ഉദ്യോഗസ്ഥരാണ് കോഴിക്കോട് വട്ടോളിയിലെ വീട്ടില്‍ എത്തി മൊഴിയെടുത്തത്. ഏപ്രില്‍ 26 നാണ് ലിതാരയെ പാറ്റ്നയില്‍ തന്റെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബാസ്കറ്റ് ബോള്‍ കോച്ച് രവി സിംഗ് മാനസികമായി നിരന്തരം പീഡിപ്പിച്ചുവെന്ന് ലിതാരയുടെ മരണത്തിന് പിന്നാലെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ലിതാരയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കോച്ചിന് എതിരായ ആരോപണത്തില്‍ വീട്ടുകാര്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ബീഹാര്‍ പോലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പറഞ്ഞു.
കോച്ച് രവി സിംഗ് ഒളിവില്‍ ആണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തില്‍ പരിശീലകന്റെ മൊഴിയും ലിതാരയുടെ കൂട്ടുകാരുടെ മൊഴിയും രേഖപ്പെടുത്തണം. വിശദമായ റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കുമെന്നും രാജീവ് നഗര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ശംഭു സിംഗ് വ്യക്തമാക്കി.
നിരന്തരം വിളിച്ചിട്ടും ലിതാര ഫോണെടുക്കാതിരുന്ന സാഹചര്യത്തില്‍, ഏപ്രില്‍ 26 ന് വീട്ടുകാര്‍ പാറ്റ്നയില്‍ ലിതാര താമസിച്ച ഫ്ലാറ്റിന്റെ ഉടമയെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഇദ്ദേഹം സ്ഥലത്തെത്തിയപ്പോള്‍ ഫ്ലാറ്റ് ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു. ഫ്ലാറ്റുടമ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നപ്പോളാണ് ലീതാരയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പൊലീസ് പരിശോധനയില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. കുറ്റ്യാടി വട്ടോളി സ്വദേശി കരുണന്റെ മകളായ ലിതാര പാട്ന ദാനാപൂരിലെ ഡിആര്‍എം ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്നു.
ലിതാരയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തയച്ചിരുന്നു. ലിതാര ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചതായി കത്തില്‍ വ്യക്തമാക്കിയിരുന്നു. ലിതാരയുടെ മരണത്തില്‍ കോച്ചിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലിതാരയുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രി കത്തയച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







