ട്വന്റി 20 പരമ്പരയിലെ നിര്‍ണായകമായ നാലാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ. 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ 16.5 ഓവറില്‍ 87 റണ്‍സിലൊതുക്കിയ ഇന്ത്യ 82 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ജയത്തോടെ പരമ്പര 2-2ന് സമനിലയിലായി. ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ വിജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും.നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനാണ് ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. ചാഹല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.170 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ക്വിന്റണ്‍ ഡിക്കോക്ക് (14) റണ്ണൗട്ടായതോടെ പ്രോട്ടീസിന്റെ തകര്‍ച്ച തുടങ്ങി.ഡിക്കോക്കിനു പിന്നാലെ പ്രെറ്റോറിയസിനെ (0) ആവേശ് ഖാന്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. ഹെന്റിച്ച് ക്ലാസനെ നിലയുറപ്പിക്കും മുമ്പ് ചാഹല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. 20 റണ്‍സെടുത്ത റാസ്സി വാന്‍ഡെര്‍ ദസ്സനും മടങ്ങിയതോടെ പ്രോട്ടീസിന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റെടുക്കേണ്ടി വന്ന ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തിരുന്നു. മുന്‍നിര പതറിയ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഹാര്‍ദിക് പാണ്ഡ്യ – ദിനേഷ് കാര്‍ത്തിക്ക് സഖ്യമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയ 65 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തിയത്. 27 പന്തില്‍ നിന്ന് രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം 55 റണ്‍സെടുത്ത കാര്‍ത്തിക്ക് അവസാന ഓവറിലാണ് പുറത്തായത്. ഇന്ത്യയുടെ ടോപ് സ്‌കോററും കാര്‍ത്തിക്കാണ്. 31 പന്തുകള്‍ നേരിട്ട പാണ്ഡ്യ മൂന്ന് വീതം സിക്സും ഫോറുമടക്കം 46 റണ്‍സെടുത്തു. മൂന്നാം ട്വന്റി20 വിജയിച്ച അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ നാലാം മത്സരത്തിനിറങ്ങിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









