കോഴിക്കോട്: കോർപറേഷനിലെ കെട്ടിട നിർമാണാനുമതി ക്രമക്കേട് വിജിലൻസിന് കൈമാറിയേക്കും. ഉദ്യോഗസ്ഥർ ഉൾപ്പെട്ട സാമ്പത്തിക ക്രമക്കേട് കുറ്റമായതിനാൽ വിഷയം വിജിലൻസിന് കൈമാറണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ പോലീസ് സൂപ്രണ്ടിന് കത്ത് നൽകിയിട്ടുണ്ട്. തുടരന്വേഷണ കാര്യത്തില്‍ ഉടൻ തീരുമാനമുണ്ടാകും.
കോഴിക്കോട് കോർപറേഷനിൽ 300ലധികം കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. കോർപറേഷൻ കെട്ടിടങ്ങളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ഫാറൂഖ് അസിസ്റ്റന്റ് കമ്മിഷണർക്ക് കൈമാറി. നിലവിൽ ഒരു കേസിൽ മാത്രം സർക്കാർ ഉദ്യോഗസ്ഥരടക്കം 7 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ ഉദ്യോഗസ്ഥരും ഇടനിലക്കാരും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനുണ്ട്.
വൻതോതിൽ സാമ്പത്തിക ക്രമക്കേട് നടന്നതായും സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് കേസ് വിജിലൻസ് വകുപ്പിന് കൈമാറണമെന്ന് കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ സിറ്റി പൊലീസ് കമ്മീഷണർ മുഖേന സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയച്ചത്. കോര്‍പ്പറേഷനിലെ ക്രമക്കേടുകൾ സംബന്ധിച്ച് വിജിലൻസിനും പരാതി ലഭിച്ചിട്ടുണ്ട്. പുതിയ വിവാദങ്ങളുണ്ടായ സാഹചര്യത്തിൽ കോർപറേഷനിലെ റവന്യൂ വിഭാഗം ജീവനക്കാരിൽ നിന്ന് വിജിലൻസ് സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു.
ഇത് പരിഗണിച്ച് വിജിലൻസ് അന്വേഷിക്കുന്നതും ഉചിതമാണെന്ന് പൊലീസ് അറിയിച്ചു. ഒരു കേസിനപ്പുറം പൊലീസ് പോയില്ലെന്ന് നേരത്തെ വിമർശനമുയർന്നിരുന്നു. എന്നാൽ കൂടുതൽ തെളിവുകൾ ലഭിച്ചാലേ കോർപറേഷൻ ചൂണ്ടിക്കാണിക്കുന്ന മറ്റ് ക്രമക്കേടുകൾ അന്വേഷിക്കാനാവൂ എന്നും ക്രമക്കേടിനുപയോഗിച്ച കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക് വിവരങ്ങൾ അറിയണമെന്നും പൊലീസ് വിശദീകരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.