കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാജ ഡോക്ടറായി വിലസിയ ആളെ സുരക്ഷ ജീവനക്കാർ പിടികൂടി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ 36ാം വാർഡിൽ നിന്ന് മുക്കം ചേന്നമംഗലൂർ ചേന്നാം കുന്നത്ത് വീട്ടിൽ സി കെ അനൂപാണ് (29) പൊലീസ് പിടിയിലായത്. സെക്യൂരിറ്റി ജീവനക്കാർ പിടികൂടിയ അനൂപിനെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു . വെള്ള കോട്ടും സ്റ്റെതസ്കോപ്പും ധരിച്ചെത്തുന്ന അനൂപ് വ്യാജനാണെന്ന വിവരം നേരത്തേ തന്നെ ജീവനക്കാർക്ക് ലഭിച്ചിരുന്നു. വാർഡുകളിലും ഒപികളിലും സ്റ്റെതസ്‌കോപ്പും വെള്ളക്കോട്ടും ധരിച്ച് ഇയാൾ പതിവായി എത്താറുണ്ടെന്ന് ജീവനക്കാർ പറഞ്ഞു. ജീവനക്കാർ വാർഡുകളിൽ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കെയാണ് 36-ാം വാർഡിനടുത്ത് അനൂപിനെ കണ്ടത്. ഡോക്ടറാണെന്നു പറഞ്ഞ് തടിയൂരാനായിരുന്നു ആദ്യ ശ്രമം. എന്നാൽ വാർഡിൽ ഡ്യൂട്ടിയുണ്ടായിരുന്ന ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയപ്പോൾ കള്ളി വെളിച്ചത്തായി.ഇയാൾ ഡോക്ടറല്ലെന്ന് ഡ്യൂട്ടി ഡോക്ടർ പറഞ്ഞതോടെ അനൂപിനെ സെക്യൂരിറ്റി ജീവനക്കാർ കൺട്രോൾ റൂമിലേക്ക് മാറ്റി. സെക്യൂരിറ്റി സൂപ്പർ വൈസർ ഡ്യൂട്ടി ഡോക്ടർക്ക് പരാതി നൽകുകയായിരുന്നു. കൈയിൽ വ്യാജരേഖകളൊന്നുമില്ലാത്തതിനാൽ ആൾമാറാട്ടം നടത്തിയെന്ന കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളവിട്ടയച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.