ടെലിവിഷൻ റേറ്റിംഗിൽ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ റിപ്പബ്ലിക് ടിവി ഉൾപ്പെടെ മൂന്ന് ചാനലുകൾക്കെതിരെ മുംബൈ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ ചോദ്യം ചെയ്യുമെന്ന് മുംബൈ പോലീസ് കമ്മീഷണർ പരം ബിർ സിംഗ് പറഞ്ഞു. റിപ്പബ്ലിക് ടിവിയെ കൂടാതെ രണ്ട് മറാത്തി ചാനലുകളായ ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നിവയ്‌ക്കെതിരെയും ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിലെടുത്തതായും പോലീസ് പറഞ്ഞു. ഒരാളിൽ നിന്ന് 20 ലക്ഷം രൂപയും ബാങ്ക് ലോക്കറിൽ നിന്ന് 8.5 ലക്ഷം രൂപയും കണ്ടെടുത്തതായി മുംബൈ പോലീസ് കമ്മീഷണർ പറഞ്ഞു. ഐപിസിയിലെ 409, 420 വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
ടെലിവിഷൻ റേറ്റിംഗിനായി ബാർക്ക് (ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ) തിരഞ്ഞെടുത്ത വീടുകളിൽ വളരെ രഹസ്യമായി ബാർകോ മീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് മുംബൈ പോലീസ് പറഞ്ഞു. വീട്ടുടമസ്ഥരെ കണ്ട് പണം വാഗ്ദാനം ചെയ്യുന്നതായും ചില ചാനലുകള്‍ മാത്രം എല്ലായ്‍പ്പോഴും വീട്ടില്‍ വെക്കാന്‍ ആവശ്യപ്പെട്ടതായി കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. ഉടമകള്‍ വീട്ടിലില്ലാത്ത സമയത്ത് വരെ ഈ ചാനലുകള്‍ വെക്കാന്‍ ആവശ്യപ്പെട്ടതായും പാവപ്പെട്ട വിദ്യാഭ്യാസമില്ലാത്തവര്‍ വരെ ഇംഗ്ലീഷ് ചാനല്‍ വീക്ഷിക്കുന്നതായി രേഖകളുണ്ടെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഇവര്‍ക്ക് 400 മുതല്‍ 500 രൂപ വരെയാണ് മാസം പ്രതിഫലം നല്‍കുകയെന്നും പൊലീസ് പറഞ്ഞു.
അതെ സമയം കേസുമായി ബന്ധപ്പെട്ട് ബാര്‍ക്ക് അധികാരികളെ വിളിപ്പിക്കുമെന്ന് കമ്മീഷണര്‍ പറഞ്ഞു. റിപബ്ലിക് ടി.വി നേരത്തെ തന്നെ തങ്ങളുടെ സംശയ പട്ടികയിലുണ്ടായിരുന്നതായി ബാര്‍ക് അറിയിച്ചിരുന്നതായും പൊലീസ് പറഞ്ഞു. മുംബൈയിൽ ഇത്തരം അഴിമതി നടന്നാൽ അത് രാജ്യമെമ്പാടും നടക്കുമെന്ന് മുംബൈ പോലീസ് കമ്മീഷണർ പരം ബിർ സിംഗ് പറഞ്ഞു. സംഭവം വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.