ഒരു മാസത്തോളം രാജവെമ്പാലയി കുടുംബത്തിനൊപ്പം കാര്‍ ഓടിച്ചിരുന്നതെന്ന് ഓര്‍ക്കുമ്പോള്‍ കോട്ടയം ആര്‍പ്പൂക്കര സ്വദേശി സുജിത്തിന്റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. ഒരു മാസം മുന്‍പാണ് സുജിത്തും സുഹൃത്തുക്കളും നിലമ്പൂരില്‍ ലിഫ്റ്റിന്റെ പണിക്കായി പോയത്. കാടിനോട് ചേര്‍ന്ന പ്രദേശത്തായിരുന്നു ജോലി. തിരിച്ചു വരാന്‍ ഒരുങ്ങുന്നതിനിടെ കാറിന്റെ പരിസരത്ത് ഇവര്‍ രാജവെമ്പാലയെ കണ്ടു. പിന്നീട് കാണാതായ പാമ്പ് കാറിനകത്ത് കയറിയിട്ടുണ്ടോ എന്ന പരിശോധിച്ച്, ഇല്ലെന്ന് ഉറപ്പിച്ച ശേഷമാണ് ഇവര്‍ നിലമ്പൂരില്‍നിന്നു മടങ്ങിയത്. നാട്ടിലെത്തിയ ശേഷം ഇതേ കാറുമായി കുടുംബമടക്കം പലയിടത്തും ഇവര്‍ യാത്ര നടത്തി. ഒരാഴ്ച മുമ്പ് കാര്‍ കഴുകുമ്പോഴായിരുന്നു പാമ്പിന്റെ പടം കണ്ടത്. ഞെട്ടിപ്പോയ സുജിത്ത് രാജവെമ്പാല കാറില്‍ തന്നെയുണ്ടെന്ന് ഉറപ്പിച്ചു. തുടര്‍ന്ന് വാവ സുരേഷിനെ വിളിച്ചുവരുത്തി. കാറും പരിസരവും പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. സമീപത്തു കണ്ട പാമ്പിന്റെ കാഷ്ഠം ഒരു മണിക്കൂര്‍ മുമ്പുള്ളതാണെന്ന് വാവ പറഞ്ഞതോടെ സുജിത് പേടിച്ചു കാറിനുള്ളില്‍ നിന്നും പുറത്തു കടന്ന പാമ്പ് പരിസരത്തെവിടെയോ ഉണ്ടെന്ന് ഉറപ്പിച്ചു. പരിസരം അരിച്ചു പെറുക്കിയെങ്കിലും പാമ്പിനെ കണ്ടെത്താനാകാതെ വന്നതോടെ വാവ മടങ്ങി. തുടര്‍ന്നുള്ള ദിവസങ്ങള്‍ സുജിത്തിനും നാട്ടുകാര്‍ക്കും ഉറക്കമില്ലാത്ത ദിവസങ്ങളായി. ഓരോ ചെറിയ അനക്കം പോലും പേടിപ്പിക്കുന്നതായി. ഒടുവിലാണ് അടുത്ത വീട്ടിലെ ചകിരിയും മറ്റും കൂട്ടിയിട്ടിരുന്ന ഭാഗത്ത് പാമ്പിന്റെ വാല്‍ കണ്ടത്. ഉടന്‍ തന്നെ വലയിട്ടു മൂടി. പിന്നീട് വനം വകുപ്പിനെ വിവരം അറിയിച്ചു. എന്നാല്‍ ഒരു മാസം രാജവെമ്പാലയുമായി യാത്ര നടത്തിയ സുജിത്തിനും കുടുംബത്തിനും പേടി ഇനിയും വിട്ടുമാറിയിട്ടില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









