കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു. രാവിലെ 9.30ന് കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ നാവികസേനയുടെ പുതിയ പതാകയും പ്രധാനമന്ത്രി പ്രകാശിപ്പിച്ചു. 20,000 കോടി രൂപയാണ് ഇന്ത്യയില്‍ നിര്‍മിച്ച ഏറ്റവും വലിയ ഈ വിമാനവാഹിനിക്കപ്പലിന്റെ നിര്‍മാണച്ചെലവ്. ഇതോടെ സ്വന്തമായി വിമാനവാഹിനിക്കപ്പല്‍ നിര്‍മിക്കാന്‍ ശേഷിയുള്ള രാജ്യമായി ഇന്ത്യ.
രാജ്യം പുതിയൊരു സൂര്യോദയത്തിന് സാക്ഷിയാകുന്നുവെന്ന് ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഐഎന്‍എസ് വിക്രാന്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള ഉത്തരമാണെന്നും ഒരു ലക്ഷ്യവും അസാധ്യമല്ലെന്നു വിക്രാന്ത് തെളിയിച്ചുവെന്നും മോദി പറഞ്ഞു. ഇന്ത്യയ്ക്ക് ഇത് അഭിമാനനേട്ടമെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ പറഞ്ഞു. ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിനു മുതല്‍ക്കൂട്ടാകുമെന്നും വിക്രാന്ത് സ്വയംപര്യാപ്തതയുടെ പ്രതീകമാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
കമഡോര്‍ വിദ്യാധര്‍ ഹര്‍കെയാണ് കപ്പലിന്റെ ചുമതലയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥന്‍. അന്തിമഘട്ട പരീക്ഷണങ്ങള്‍ക്ക് ഗോവയിലെ ഐഎന്‍എസ് ഹാന്‍സ നേവല്‍ എയര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകും. പശ്ചിമ നാവിക കമാന്‍ഡിനുകീഴില്‍ ഒരുവര്‍ഷത്തോളം യുദ്ധവിമാനങ്ങള്‍ ടേക്ഓഫ് ചെയ്തും ലാന്‍ഡ് ചെയ്തുമുള്ള പരീക്ഷണങ്ങളായിരിക്കും. അടുത്തവര്‍ഷം നവംബറോടെ പൂര്‍ണമായും യുദ്ധരംഗത്ത് ഉപയോഗിക്കാനാകും.
13 വര്‍ഷത്തെ കാത്തിരിപ്പ്
2009ല്‍ നിര്‍മാണം ആരംഭിച്ച വിക്രാന്തിന്റെ നിര്‍മാണവസ്തുക്കളില്‍ 76 ശതമാനവും രാജ്യത്ത് ഉല്‍പ്പാദിപ്പിച്ചവയാണ്. ത്രീഡി വിര്‍ച്വല്‍ റിയാലിറ്റി, ആധുനിക സോഫ്റ്റ്വെയറുകള്‍ എന്നിവയും ഉപയോഗിച്ചു. 2021 ആഗസ്തില്‍ ആദ്യ കടല്‍പരീക്ഷണം നടത്തി. 262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും 59 മീറ്റര്‍ ഉയരവുമുള്ള വിക്രാന്തിന്റെ മുകള്‍ ഡെക്കില്‍ 10 യുദ്ധവിമാനങ്ങളും കീഴ് ഡെക്കില്‍ 20 വിമാനങ്ങളും വിന്യസിക്കാം. 88 മെഗാവാട്ട് കരുത്തുള്ള നാല് വാതക ടര്‍ബൈന്‍ എന്‍ജിനുകളുണ്ട്. 28 മൈല്‍ വേഗവും 18 മൈല്‍ ക്രൂയിസിങ് വേഗവുമുണ്ടാകും. ഒറ്റയാത്രയില്‍ 7500 നോട്ടിക്കല്‍ മൈല്‍ ദൂരംവരെ സഞ്ചരിക്കാം.
2300 കിലോമീറ്റര്‍ നീളത്തില്‍ കേബിളുകളും 120 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പുകളും ഉപയോഗിച്ചു. 2300 കംപാര്‍ട്ട്മെന്റുകളുള്ള കപ്പലില്‍ 1700 പേര്‍ക്ക് താമസിക്കാം. 40,000 ടണ്ണാണ് ഭാരം. 21,500 ടണ്‍ സ്റ്റീല്‍ ഉപയോഗിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.