കൊല്ലം: പോപ്പുലർ ഫ്രണ്ട് നേതാവ് അഫ്‌സല്‍ ഖാസിമിയുടെ പ്രസംഗത്തിനെതിരെ വിമർശനവുമായി എസ്എസ്എഫ് ദേശീയ പ്രസിഡന്റ് ഡോ മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം. പ്രവാചകന്റെ ജീവിതത്തിലെ സഹിഷ്ണുതയുടെ അധ്യായങ്ങളെ പോലും വളച്ചൊടിച്ച് അപകടകരമായി ഉദ്ധരിക്കുന്നവർ അദ്ദേഹത്തിന്റെ ചരിത്രത്തെയും വ്യക്തിത്വത്തെയും പരസ്യമായി ആക്ഷേപിക്കുകയാണ് ചെയ്യുന്നതെന്ന് മുഹമ്മദ് ഫാറൂഖ് നഈമി ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറഞ്ഞു. പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ജനമഹാസമ്മേളനത്തിൽ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ ഖാസിമി നടത്തിയ പ്രസംഗമാണ് വിമർശനത്തിനിടയാക്കിയത്.കൊല്ലാൻ വന്നവന്റെ വാള് വീണ് കിട്ടിയപ്പോൾ മാപ്പു കൊടുത്ത പ്രവാചകനെ പ്രതികാരം പഠിപ്പിച്ച നബിയായി അവതരിപ്പിക്കുന്നവർ സ്വന്തം താത്പര്യത്തിനായി മതത്തെ ദുരുപുയോഗം ചെയ്യുകയാണ്. ഇസ്‌ലാമിനെയും സമുദായത്തെയും എതിർക്കുന്നവർക്കു വാള് കൊടുക്കുകയാണ് ഇവർ ചെയ്യുന്നതെന്നും മുഹമ്മദ് ഫാറൂഖ് നഈമി കൂട്ടിച്ചേർത്തു. പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ പ്രസംഗത്തിനെതിരെ നേരത്തെ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരും രംഗത്തെത്തിയിരുന്നു. തീവ്രഭാവ സംഘങ്ങളുടെ എക്കാലത്തെയും ശൈലി ഇതാണ്. ചരിത്രത്തിന്റെ ഏതെങ്കിലും കോണുകളിൽ വാളുകൾ ശബ്ദിക്കുന്നതിന്റേയും ആയുധങ്ങൾ സംസാരിക്കുന്നതിന്റേയും മുഴക്കങ്ങൾ ഉണ്ടോ എന്ന് തിരയുക മാത്രമാണ് ഇവരുടെ പണി. അതിൻ്റെ അപ്പുറവും ഇപ്പുറവും ക്ഷമയുടെ, സഹിഷ്ണുതയുടെ, വിട്ടുവീഴ്ചയുടെ ഒരായിരം പാഠങ്ങൾ കാണും. അതൊന്നും ഇവർക്ക് വേണ്ട. ചോരച്ചാലുകൾ മാത്രം കിനാവു കാണുന്നവർ എന്നും ഇങ്ങനെയാണ്. അവരെ സമൂഹം തിരിച്ചറിയുമെന്നും.’ സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









