ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നിർദേശിച്ച് എൻഐഎ പുതിയ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കും. പിഎഫ്ഐ ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ വയർലെസ് സെറ്റുകളും ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തു. താലിബാൻ മാതൃകയിലുള്ള മതമൗലികവാദം പ്രചരിപ്പിക്കുന്ന പിഎഫ്ഐയുടെ രേഖകളും കണ്ടെത്തിയതായി എൻഐഎ അവകാശപ്പെട്ടു.
പോപ്പുലർ ഫ്രണ്ടിനെതിരെ എൻഐഎ നടത്തിയ ഓപ്പറേഷനിൽ 45 പേർ ഇന്നലെ അറസ്റ്റിലായിരുന്നു. ഡൽഹിയിൽ എത്തിച്ച നേതാക്കളെ ഇന്നലെ എൻഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്തിരുന്നു. ഡിജി ദിനകർ ഗുപ്തയുടെ മേൽനോട്ടത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഫണ്ടിംഗും പരിശീലന കേന്ദ്രങ്ങളും സംബന്ധിച്ച് എൻഐഎ ചോദ്യങ്ങൾ ഉന്നയിച്ചു. വിദേശ യൂണിറ്റുകൾ വഴി പിഎഫ്ഐ പണം ശേഖരിച്ചതിൻറെ തെളിവുണ്ടെന്ന് എൻഐഎ പറയുന്നു. കൊലപാതകത്തിൽ എൻഐഎ നേതാക്കളുടെ പങ്കും അന്വേഷിക്കും.
താലിബാൻ മാതൃകയിലുള്ള മതമൗലികവാദത്തിന്റെ തെളിവാണ് റെയ്ഡിൽ പിടിച്ചെടുത്തതെന്ന് അധികൃതർ പറയുന്നു. ചിലർ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടിരുന്നു. തെലങ്കാനയിൽ നടത്തിയ അന്വേഷണത്തിൽ പരിശീലന കേന്ദ്രങ്ങളുടെ വിവരങ്ങൾ ലഭിച്ചു. യുവാക്കളെ പരിശീലനത്തിനായി കേരളത്തിലേക്ക് കൊണ്ടുപോകുന്നതായും അന്വേഷണത്തിൽ വ്യക്തമായി. ജിപിഎസ് സംവിധാനവും വയർലെസ് സെറ്റുകളും റെയ്ഡിൽ പിടിച്ചെടുത്തു. കടൽ യാത്രയ്ക്ക് സഹായിക്കുന്ന ജിപിഎസ് സംവിധാനമാണിതെന്ന് അധികൃതർ സൂചിപ്പിക്കുന്നു.
സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ മൂന്ന് പിഎഫ്ഐ നേതാക്കളെ ഡൽഹിയിൽ ഇഡി അറസ്റ്റ് ചെയ്തു. അസമിൽ കസ്റ്റഡിയിലെടുത്ത പത്തുപേരുടെ അറസ്റ്റും സംസ്ഥാന പൊലീസ് രേഖപ്പെടുത്തി. പിഎഫ്ഐ നിരോധിക്കാൻ എൻഐഎ പുതിയ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന. രണ്ട് തവണ എൻഐഎ ഇത്തരത്തിലുള്ള റിപ്പോർട്ട് നൽകിയിട്ടുണ്ട്. നിലവിലെ അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ നിരോധനം പരിഗണിക്കുമെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഇന്നലെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ നിരവധി പോപ്പുലർ ഫ്രണ്ട് നേതാക്കളെ എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നു. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ബിഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി, അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, പശ്ചിമ ബംഗാൾ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ വ്യാഴാഴ്ച പുലർച്ചെയാണ് റെയ്ഡുകളും അറസ്റ്റുകളും നടന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.