നിലമ്പൂർ: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന രണ്ടര ലക്ഷം രൂപ വിലവരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റ് മോഷ്ടിച്ച കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. മഞ്ചേരി തൃപ്പനച്ചി മൂന്നാംപടി സ്വദേശി വാരിയക്കുത്ത് ഫവാസ് (22) ആണ് അറസ്റ്റിലായത്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
ഇതോടെ ആറ് പ്രതികളുള്ള കേസിൽ അഞ്ച് പേർ അറസ്റ്റിലായി. ബുള്ളറ്റ് മോഷ്ടിച്ചതറിഞ്ഞ് വാങ്ങിയെന്നായിരുന്നു ഫവാസിനെതിരെയുള്ള ആരോപണം. കേടായ ബുള്ളറ്റിന് ആവശ്യമായ ഭാഗങ്ങൾ ലഭിക്കുന്നതിനായി സഹോദരൻ മുഖേനയാണ് ഫവാസ് തുച്ഛമായ വിലയ്ക്ക് ബൈക്ക് വാങ്ങിയത്. കോഴിക്കോട് മുക്കത്ത് നിന്ന് മോഷ്ടിച്ച പൾസർ ബൈക്കും ഇവർ മോഷണ സംഘത്തിൽ നിന്ന് വാങ്ങിയിരുന്നു. എന്നാൽ പിന്നീട് മോഷ്ടാക്കൾ ഇത് തിരികെ കൊണ്ടുപോയി. കൗമാരക്കാരുൾപ്പെടെയുള്ള സംഘത്തിലെ ചിലർ പോലീസിന്റെ പിടിയിലായപ്പോൾ ഫവാസ് പോവുയായിരുന്നു.
കേസിലെ മുഖ്യപ്രതികളായ മൂന്ന് പേരെ നേരത്തെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബുള്ളറ്റുകളടക്കം സംഘം മോഷ്ടിച്ച ഒമ്പത് ബൈക്കുകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു. രാത്രിയിൽ പൂട്ട് തകർത്ത് ബൈക്ക് മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. പിന്നീട് ആരും ശ്രദ്ധിക്കാത്ത ഇടങ്ങളിൽ ഒളിപ്പിച്ചു വയ്ക്കും. അടുത്ത ദിവസം സംഘത്തിലെ മറ്റുള്ളവർ വന്ന് അവിടെ നിന്ന് വാഹനം എടുത്ത് പുതിയ ലോക്കും വ്യാജ നമ്പർ പ്ലേറ്റും ഘടിപ്പിക്കും.
വാഹനം ആവശ്യമുള്ളവരെ കണ്ടെത്തി വിൽക്കുക എന്നതും ഇവരുടെ ജോലിയാണ്. ലഭിച്ച പണം വീതിച്ചെടുക്കും. മോഷ്ടിക്കപ്പെട്ടതാണെന്നറിഞ്ഞ് രേഖകളില്ലാതെ വിലകുറഞ്ഞ വാഹനങ്ങൾ വാങ്ങാനും ആളുകളുണ്ട്. കോഴിക്കോട് ജില്ലയിലെ മുക്കം, കുന്ദമംഗലം സ്റ്റേഷൻ പരിധിയിൽ നിന്നും സംഘം ബൈക്കുകള്‍ മോഷ്ടിച്ചിട്ടുണ്ട്. മോഷ്ടിച്ച ബൈക്ക് നിലമ്പൂർ വടപുറത്ത് നിന്ന് പോലീസ് കണ്ടെടുത്തു. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.