കോഴിക്കോട്: ബാലുശ്ശേരി, കാക്കൂർ, താമരശ്ശേരി, അത്തോളി പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം മയക്കുമരുന്ന് വിൽപനക്കാരായ മൂന്ന് യുവാക്കൾ ബാലുശ്ശേരിയിൽ പിടിയിലായി. നിരവധി കേസുകളിൽ ഉൾപ്പെട്ട നന്മണ്ട താനോത്ത് കെ.ബി അനന്തു (22), കണ്ണങ്കര പുല്ലു മലയില്‍ ജാഫര്‍ (26) അമ്ബായത്തോട് പുല്ലുമലയില്‍ പി.മിര്‍ഷാദ് (28) എന്നിവരാണ് പിടിയിലായത്.
മുൻപും ഇത്തരം കേസുകളിൽ ജയിലിൽ കഴിഞ്ഞിട്ടുള്ള ഇവർ അടുത്തിടെയാണ് ജയിൽ മോചിതരായത്. ജില്ലയിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരും പ്രധാന വിതരണക്കാരുമായ ഇവരെ വലയിലാക്കാൻ കഴിഞ്ഞത് ബാലുശേരി പൊലീസിന്റെ ലഹരിമരുന്ന് വേട്ടയിലെ മറ്റൊരു നാഴികക്കല്ലായി. ബാലുശ്ശേരി പോലീസ് ഇൻസ്‌പെക്ടർ എം.കെ.സുരേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം എസ്‌ഐ റഫീഖ്, ഡ്രൈവർ ബൈജു, സിപിഒ മാരായ അശ്വിൻ, അരുൺരാജ് എന്നിവർ ചേർന്ന് എസ്റ്റേറ്റ് മുക്കിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്.
KL 7 AA 9888 നമ്പർ കാറിൽ യാത്ര ചെയ്തു വരവെ പ്രതികളിൽ നിന്നും 6.82 ഗ്രാം എംഡിഎംഎ, 7.5 ഗ്രാം കഞ്ചാവ്, 13.20 ഗ്രാം ഹാഷിഷ് ഓയിൽ, ഇവ ഉപയോഗിക്കാനുള്ള വിവിധ ഉപകരണങ്ങൾ, ഇലക്ടോണിക്ക് ത്രാസ്സ്, പ്ലാസ്റ്റിക്ക് കവറുകൾ എന്നിവയും മറ്റും പിടിച്ചെടുത്താതായി ബാലുശേരി പോലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.