ആരോഗ്യത്തോടെ ഇരിക്കാന്‍ നിത്യവുമുള്ള വ്യായാമം അത്യാവശ്യമാണ്. എന്നാൽ വര്‍ക്ക് ഔട്ടും അധികമായി ചെയ്താല്‍ ശരീരത്തിന് ഹാനീകരമാണ്. പേശിവേദനയ്ക്കും പുറം വേദനയ്ക്കും പുറമേ ഹൃദയസ്തംഭനം, പക്ഷാഘാതം, ഹൃദയാഘാതം പോലുള്ള ഗുരുതരമായ സാഹചര്യങ്ങളിലേക്കും അമിതമായ വ്യായാമം നയിക്കാം.
വ്യായാമം ചെയ്യുമ്പോള്‍ ഹൃദയാഘാതമോ പക്ഷാഘാതമോ വരുന്നതിന് മുന്‍പ് ചില സൂചനകള്‍ ശരീരം നമുക്ക് നല്‍കാറുണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം .പെട്ടെന്നുണ്ടാകുന്ന നെഞ്ച് വേദന, നെഞ്ചിന് വിശദീകരിക്കാനാവാത്ത അസ്വസ്ഥത എന്നിവയെല്ലാം ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് സൂചനകളാണ്. ആദ്യം ചെറിയ അസ്വസ്ഥതയില്‍ തുടങ്ങി താങ്ങാനാകാത്ത സമ്മര്‍ദം നെഞ്ചിന് അനുഭവപ്പെടാം. നെഞ്ചിന് നടുവില്‍ എന്തോ തിങ്ങി നില്‍ക്കുന്നത് പോലെയും തോന്നാം. ചിലപ്പോള്‍ ഇത് നേരിയ തോതില്‍ വന്ന് പെട്ടെന്ന് മാറാം. ഈ ലക്ഷണം അനുഭവപ്പെട്ടാല്‍ ഉടനെ വ്യായാമം നിര്‍ത്തി വയ്‌ക്കേണ്ടതാണ്. ലക്ഷണങ്ങള്‍ ഏതാനും മിനിറ്റില്‍ കൂടുതല്‍ നീണ്ടുനിന്നാല്‍ ഉടനടി വൈദ്യസഹായവും തേടണം. വ്യായാമം ചെയ്യുമ്പോള്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനൊപ്പം നെഞ്ചിനു വേദനയും തോന്നിയാല്‍ സൂക്ഷിക്കണം. ഇതും ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പാണ്. ചിലപ്പോള്‍ വേദന ഇല്ലാതെയും ശ്വാസംമുട്ടല്‍ വരാം. തലയ്ക്ക് ഭാരം കുറഞ്ഞതു പോലെയും തല കറങ്ങുന്നത് പോലെയും തോന്നിയാലും ഒന്ന് കരുതിയിരിക്കുക. അസാധാരണമായ തോതിലുള്ള ഹൃദയമിടിപ്പും കരുതിയിരിക്കേണ്ട ലക്ഷണമാണ്. ഇതും ശ്രദ്ധില്‍പ്പെട്ടാല്‍ വ്യായാമം നിര്‍ത്തിവയ്ക്കണം. വ്യായാമം ചെയ്യുമ്പോള്‍ വിയര്‍ക്കുന്നത് സാധാരണം തന്നെ. എന്നാല്‍ അമിതമായ വിയര്‍പ്പിനൊപ്പം മനംമറിച്ചിലും അനുഭവപ്പെട്ടാല്‍ ഇത് എന്തോ പ്രശ്‌നമുള്ളതിന്റെ സൂചനയായി കണക്കാക്കണം. കഴുത്തിലും പുറത്തിലും താടിയിലും പെട്ടെന്ന് ഉണ്ടാകുന്ന മാറാത്ത വേദനയും വ്യായാമ സമയത്ത് അവഗണിക്കരുത്. വ്യായാമം ചെയ്യുമ്പോള്‍ അത്യധികമായ ക്ഷീണം തോന്നുന്നതും ശുഭസൂചകമല്ല. ഇതും ഹൃദ്രോഗലക്ഷണമാകാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









