കോഴിക്കോട്: ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനം കണ്ടെത്താൻ ജില്ലയിൽ കർശന പരിശോധന. ആദ്യ ദിവസം തന്നെ 16 ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. 63,000 രൂപ പിഴ ഈടാക്കി. എട്ട് സ്ക്വാഡുകളായി തിരിഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അൻപതിലധികം ബസുകളാണ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. വരും ദിവസങ്ങളിലും പരിശോധന തുടരും. വടക്കാഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി ആരംഭിച്ച ഓപ്പറേഷൻ ഫോക്കസ്-മുന്നിന്റെ ഭാഗമായാണ് ജില്ലയിലും പരിശോധന നടത്തിയത്. പരിശോധന ആരംഭിച്ചതോടെ നിയമംലംഘിച്ച് രൂപമാറ്റങ്ങള്‍ വരുത്തിയ ബസുകള്‍ പലതും ഉടമകള്‍ റോഡിലിറക്കാത്ത സ്ഥിതി ഏറെയുണ്ട്. ഇതോടെ വരും ദിവസങ്ങളിൽ വാഹന യാർഡുകളിലും വർക്ക് ഷോപ്പുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
ലേസർ ലൈറ്റ്, എയർ ഹോൺ, ഡിജെ സൗണ്ട് സിസ്റ്റം, അമിത വേഗത, വാഹനങ്ങളിലെ രൂപമാറ്റങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്. പല വാഹനങ്ങളുടെയും സ്പീഡ് ഗവർണർ പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പരിശോധിച്ച ബസുകൾക്കെതിരെയുള്ള നടപടികൾ ബസുകളുടെ ഹിസ്റ്ററിയില്‍ രേഖപ്പെടുത്തും. ഇനിയും നിയമം ലംഘിച്ചാൽ ഫിറ്റ്നസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
പരിശോധന കർശനമാക്കിയതോടെ വിവിധ നിയമലംഘനങ്ങളുള്ള അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെയും അന്തര്‍ സംസ്ഥാന സര്‍വിസ് നടത്തുന്ന ബസുകളുടെയും വിവരങ്ങൾ ജനങ്ങൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഈ വാഹനങ്ങളും ഉടൻ പരിശോധിക്കും. കൂടാതെ ടെമ്പോ ട്രാവലർ ഉൾപ്പെടെയുള്ള മറ്റ് ടൂറിസ്റ്റ് വാഹനങ്ങളും പരിശോധിക്കും. ഒക്‌ടോബർ 16 വരെയാണ് ഓപ്പറേഷൻ ഫോക്കസ്. മോട്ടോർ വാഹന വകുപ്പ് സ്‌ക്വാഡുകളായി തിരിഞ്ഞ് ഇക്കാലമത്രയും പരിശോധന തുടരുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. കെ ബിജുമോൻ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









