പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാം സുപ്രീം കോടതിയിൽ. കേരളത്തിൽ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവർ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാൽ ജയിൽമാറ്റം അനുവദിക്കണമെന്നുമാണ് ആവശ്യം. വിയ്യൂർ ജയിലിൽ തന്നെ സന്ദർശിക്കാൻ ഇവർ ബുദ്ധിമുട്ട് നേരിടുന്നതായും പ്രതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അമീറുൾ ഇസ്ലാമിനെ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. 2016 ഏപ്രില്‍ 28ന് ആണ്, പെരുമ്പാവൂരിനടുത്ത് ഇരിങ്ങോള്‍ ഇരവിച്ചിറ കനാല്‍പുറമ്പാക്കിലെ വീട്ടില്‍ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ ജിഷയുടെ മൃതശരീരം കണ്ടെത്തിയത്. ജിഷ ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്ത് 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ജൂൺ 16ന് പ്രതി, അസം സ്വദേശി അമീറുൾ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇംഗിതത്തിന് വഴങ്ങാത്തതിലുളള വൈരാഗ്യം മൂലം പ്രതി ജിഷയെ കൊലപ്പെടുത്തിയെന്നായിരുന്നു കുറ്റപത്രം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.