കോഴിക്കോട്: ജില്ലയിലെ പാടശേഖരങ്ങളില്‍ കള -കീട നിയന്ത്രണത്തിനും വളപ്രയോഗത്തിനും ഇനി ഡ്രോണുകളും പറക്കും. കുറഞ്ഞ അളവില്‍ കൂടുതല്‍ ഏരിയയില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വളപ്രയോഗത്തിന് കാര്‍ഷിക ഡ്രോണുകള്‍ ഉപയോഗിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ജില്ലയിലെ കാര്‍ഷികമേഖല. പാടശേഖരങ്ങളില്‍ ഏകീകൃതമായി വളംപ്രയോഗം ചെയ്യുക, വളപ്രയോഗ സമയം കുറയ്ക്കുക, തൊഴിലാളികളുടെ ആവശ്യകത കുറയ്ക്കുക, വെള്ളത്തിന്റെ അളവ് കുറയ്ക്കുക എന്നിവയ്ക്കാണ് ഡ്രോണുകള്‍ ഉപയോഗിക്കുന്നത്.
കൃഷിയിടങ്ങളില്‍ വളമിടാന്‍ കാര്‍ഷിക ഡ്രോണുകളെ പരിചയപ്പെടുത്തി മാവൂര്‍ പാടശേഖരത്തില്‍ കാര്‍ഷിക ഡ്രോണ്‍ പ്രദര്‍ശനത്തിന് തുടക്കമായി. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള വളപ്രയോഗത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. അടുത്ത ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശനം നടത്തും.
നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കാനിസേഷന്‍ പദ്ധതി പ്രകാരമാണ് പാടശേഖരങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചു തുടങ്ങിയത്. പദ്ധതി പ്രകാരം 10 ലക്ഷം രൂപ വരെ വിലവരുന്ന ഡ്രോണുകള്‍ വ്യക്തിഗത കര്‍ഷകര്‍ക്ക് 40 ശതമാനം മുതല്‍ 50 ശതമാനം വരെ സബ്‌സിഡിയിലും പാടശേഖരങ്ങള്‍, എഫ്.പി.ഒ കള്‍ തുടങ്ങിയ കര്‍ഷക ഗ്രുപ്പുകള്‍ക്ക് 75 ശതമാനം വരെയും സബ്‌സിഡി ലഭ്യമാക്കുന്നുണ്ട്.
ഡ്രോണില്‍ ഘടിപ്പിച്ച ബക്കറ്റില്‍ ദ്രവരൂപത്തിലുള്ള വളവും കീടനാശിനിയും നിറച്ചാണ് പറത്തി വിടേണ്ടത്. കര്‍ഷകര്‍ക്ക് താഴെ നിന്ന് റിമോട്ട് കണ്‍ട്രോളില്‍ ഇവയെ നിയന്ത്രിക്കാം. 10 മിനുട്ടില്‍ ഒരേക്കറില്‍ വളപ്രയോഗം നടത്താം. 10 ലിറ്റര്‍ ശേഷിയുള്ള ഡ്രോണിന് അഞ്ചുലക്ഷത്തോളം രൂപയോളമാണ് വില വരുന്നത്.
പദ്ധതിയുടെ പ്രചരണാര്‍ത്ഥം ജില്ലകള്‍ തോറും കൃഷിയിടങ്ങളില്‍ കാര്‍ഷിക ഡ്രോണുകളുടെ പ്രദര്‍ശനവും പ്രവര്‍ത്തിപരിചയവും നടത്തുന്നതിന്റെ കോഴിക്കോട് ജില്ലതല ഉദ്ഘാടനമാണ് മാവൂര്‍ പഞ്ചായത്തിലെ പാടശേഖരങ്ങളില്‍, വാഴകൃഷി ഉള്ള സ്ഥലങ്ങളില്‍ നടന്നത്.
മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലുളി. ജില്ലാ പഞ്ചായത്ത് മെമ്ബര്‍മാര്‍, ഗ്രാമപഞ്ചായത്ത് മെമ്ബര്‍മാര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.