കോഴിക്കോട്: കോക്കല്ലൂർ ഹയർസെക്കൻഡറി സ്‌കൂളിൽ സ്‌കൂൾ കാന്റീന് ജീവനക്കാരൻ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയോട് മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചു.
ബാലുശേരി പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്ന് വിദ്യാർഥിയുടെ രക്ഷിതാക്കൾ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. പരാതിയിൽ ആദ്യം കേസെടുക്കാതിരുന്ന ബാലുശേരി പൊലീസ് പിന്നീട് ഐപിസി 341, 323 വകുപ്പുകൾ പ്രകാരം കേസെടുത്തു.
സെപ്തംബർ 26നാണ് കോക്കല്ലൂർ സർക്കാർ സ്‌കൂളിലെ കാന്റീന് ജീവനക്കാരനായ സജി വിദ്യാർത്ഥിയെ മർദിച്ചത്. കാന്റീനിൽ നിന്ന് പലഹാരം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദനം. ഇന്റർവെൽ സമയത്ത് രണ്ട് രൂപയുടെ മിഠായി വാങ്ങാൻ വിദ്യാർത്ഥി കാന്റീനിൽ എത്തി. കാന്റീനിൽ തിരക്ക് കൂടുതലായതിനാൽ കുട്ടി റാക്കിനും മതിലിനുമിടയിൽ കുടുങ്ങി. അതിനുള്ളില്‍ നിന്ന് തിരിച്ച് ഇറങ്ങിയപ്പോള്‍ കള്ളന്‍ കള്ളന്‍ എന്ന് പറഞ്ഞ് കാന്റീന്‍ ജീവനക്കാരന്‍ കയ്യില്‍ കയറി പിടിക്കുകയായിരുന്നു.
പിന്നീട് ഷർട്ടിന്റെ കോളറിൽ പിടിച്ച് പുറത്തേക്ക് തള്ളിയതായും പരാതിയിൽ പറയുന്നു. അതിന് ശേഷം കഴുത്തിൽ പിടിച്ച് വലിച്ച് രണ്ടാം നിലയിലെ പ്രധാനാധ്യാപകന്റെ മുറിയിൽ കൊണ്ടുവന്ന് മറ്റൊരു അധ്യാപകനെ ഏൽപ്പിക്കുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു. മറ്റ് കുട്ടികളുടെ മുന്നിൽ കള്ളനായി ചിത്രീകരിക്കപ്പെട്ടതിൽ വിഷമം തോന്നിയെന്നും താൻ അത് ചെയ്തില്ലെന്നും കുട്ടി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.