കണ്ണൂർ: വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി ശ്യാംജിത്തുമായി പൊലീസിന്റെ തെളിവെടുപ്പ്. കൂത്തുപ്പറമ്പ് മാനന്തേരിയിലെ അങ്ങാടി കുളത്തിലാണ് തെളിവെടുപ്പിനായി പൊലീസ് സംഘമെത്തിയത്. കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കന്നിപ്പോയിലും പാനൂർ സി.ഐ ആസാദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിനായെത്തിയത്. ശാസ്ത്രീയ തെളിവുകളെല്ലാം പൊലീസ് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്.
പാനൂരിൽ വിഷ്ണുപ്രിയ (23) യെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി ശ്യാംജിത്ത് മാനന്തേരിയിലെ കുളത്തിൽ കത്തി ഉപേക്ഷിച്ചു. പ്രതിയുടെ തന്നെ മൊഴിയുടെ അടിസ്ഥാനത്തിൽ മാനന്തേരിയിൽ നടത്തിയ തെളിവെടുപ്പിൽ പ്രതികളുമൊത്തുള്ള പൊലീസ് സംഘം നിർണായക തെളിവുകൾ കണ്ടെത്തി. കുളത്തിൽ ഉപേക്ഷിച്ച ബാഗിൽ നിന്നാണ് കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റികയും കത്തിയും കണ്ടെത്തിയത്. 20 സെന്റിമീറ്റര്‍ നീളവും മൂന്ന് സെന്റിമീറ്റര്‍ വീതിയുമുള്ള വാള്, കത്തി മൂര്‍ച്ച കൂട്ടാനുള്ള യന്ത്രം, മുളകുപൊടി, ചുറ്റിക, കയര്‍, കൈയുറകള്‍ എന്നിവയാണ് കണ്ടെടുത്തത്. കത്തി ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതാണ്. ഇവയെല്ലാം ബാഗില്‍ നിറച്ച ശേഷം വെട്ടുകല്ലും വെച്ച് കുളത്തില്‍ താഴ്ത്തുകയായിരുന്നു. മാസ്ക്, തൊപ്പി, സ്ക്രൂഡ്രൈവർ എന്നിവയും ബാഗിലുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി ഇവിടെയെത്തി കുളിച്ചിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി ബൈക്കിൽ എത്തി ആയുധങ്ങളും വസ്ത്രങ്ങളും ബാഗിലാക്കി വീടിന് സമീപത്തെ കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു.
ശ്യാംജിത്തിനെ ഇന്ന് വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും. അതിന് ശേഷം കസ്റ്റഡിയിൽ വാങ്ങും. കൂത്തുപ്പറമ്പിലെ കടയിൽ നിന്നാണ് വിഷ്ണുപ്രിയയെ തലയ്ക്കടിക്കാൻ ഉപയോഗിച്ച ഹാമറും കഴുത്തറുക്കാൻ ഉപയോഗിച്ച കത്തിയും വാങ്ങിയതെന്നാണ് ശ്യാംജിത്തിന്റെ മൊഴി. ഈ കട പൊലീസ് തിരിച്ചറിഞ്ഞിട്ടുമുണ്ട്. കടയെ കേന്ദ്രീകരിച്ചും പൊലീസ് തെളിവെടുപ്പ് നടത്തി.
കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ ശരീരത്തില്‍ കണ്ടെത്തിയത് 18 മുറിവുകള്‍ ആയിരുന്നു. ഇതില്‍ 11ഉം ആഴമേറിയതാണ്. മനോനില തെറ്റിയയാള്‍ ചെയ്യുന്ന ആക്രമണത്തിലേല്‍ക്കുന്നതിന് സമാനമായ പരുക്കുകളാണ് വിഷ്ണുപ്രിയയുടെ ദേഹത്തേറ്റതെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം വിഷ്ണു പ്രിയയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ നടക്കും.
പ്രണയ ബന്ധത്തിൽ നിന്ന് വിഷ്ണുപ്രിയ പിന്മാറിയതാണ് ശ്യാംജിത്തിനെ ചൊടിപ്പിച്ചതെന്നാണ് സൂചന. ഇന്നലെയാണ് പ്രതി വിഷ്ണുപ്രിയയുടെ പാനൂരിലെ വീട്ടിലെത്തിയത്. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. തൊട്ടടുത്ത തറവാട്ടിൽ മറ്റൊരു മരണാനന്തര ചടങ്ങിലായിരുന്നു അമ്മയും ബന്ധുക്കളും. രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു വിഷ്ണുപ്രിയ. ഏറെ നേരം കഴിഞ്ഞിട്ടും മകളെ കാണാത്തതിനെ തുടർന്ന് അമ്മ അന്വേഷിച്ചെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന മകളുടെ മൃതദേഹം കണ്ടത്. ഫോൺ കോളുകൾ കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ സഹായിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









