കോഴിക്കോട്: ബൈക്ക് മോഷണക്കേസിൽ പിടിയിലായ പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. പയ്യാനക്കൽ സ്വദേശി മുഹമ്മദ് റിയാസാണ് രക്ഷപ്പെട്ടത്.
കോടതി റിമാൻഡ് ചെയ്ത പ്രതിയെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. കുന്നമംഗലം കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ മെഡിക്കൽ കോളജ് പരിസരത്ത് വച്ചാണ് ഇയാൾ രക്ഷപ്പെട്ടത്.
ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ പോയപ്പോൾ പോലീസ് കൈവിലങ്ങ് അഴിച്ചിരുന്നു. ഇരുകൈകളിലേയും വിലങ്ങ് അഴിച്ചുമാറ്റുകയും ഒരു പൊലീസുകാരന്‍ സ്റ്റേഷനിലേക്ക് പോവുകയും ചെയ്തു. ഇതോടെ അവസരം മുതലെടുത്ത് പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
മെഡിക്കൽ കോളജ് എസിപിയുടെ നേതൃത്വത്തിൽ പൊലീസ് വിവിധ സംഘങ്ങളായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോലീസിന്റെ അലംഭാവമാണ് പ്രതി രക്ഷപ്പെടാൻ കാരണമെന്ന് ആക്ഷേപമുണ്ട്.
സംഭവത്തിൽ ഡിസിപി എസിപിയോട് വിശദീകരണം തേടി. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്ന് കോഴിക്കോട് എസിപി സുദർശൻ പറഞ്ഞു. ഭക്ഷണം കഴിക്കാൻ കൊണ്ടുപോയപ്പോൾ ഇരുകൈകളും അഴിച്ചെന്നും സാധാരണ ഒരു കൈ മാത്രമേ അഴിക്കാറുള്ളൂവെന്നും എസിപി പറഞ്ഞു.
മാത്രമല്ല, ഒരു പോലീസുകാരൻ മാത്രമാണ് പ്രതിക്കൊപ്പമുണ്ടായിരുന്നത്. മറ്റൊരാൾ ഭക്ഷണം കഴിക്കാൻ സ്റ്റേഷനിൽ എത്തിയതായിരുന്നു. ഇത് മുതലെടുത്താണ് പ്രതി രക്ഷപ്പെട്ടതെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









